തോമസ് പാർട്ടിയെ പിടിച്ചു വാങ്ങി ആഴ്‌സണൽ, വമ്പൻ ക്ലബുകൾ നോട്ടമിട്ട താരത്തെ റാഞ്ചി യുവന്റസ് !

ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസം അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫർ നടത്തിയിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണൽ. ഇന്നലെ അത്ലെറ്റിക്കോ മാഡ്രിഡ്‌ താരമായ തോമസ് പാർട്ടിയെയാണ് ഗണ്ണേഴ്‌സ്‌ പിടിച്ചു വാങ്ങിയത്. അൻപത് മില്യൺ യൂറോ ചിലവഴിച്ചു കൊണ്ടാണ് പാർട്ടിയെ ഗണ്ണേഴ്‌സ്‌ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. മുമ്പ് താരത്തെ ടീമിലെത്തിക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നുവെങ്കിലും അത്ലെറ്റിക്കോ മാഡ്രിഡ്‌ നിരസിക്കുകയായിരുന്നു. എന്നാൽ ഇന്നലെ താരത്തിന്റെ റിലീസ് ക്ലോസ് നൽകാൻ ആഴ്‌സണൽ സമ്മതിച്ചതോടെ അത്ലെറ്റിക്കോ മുട്ടുമടക്കുകയായിരുന്നു. നാല് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഒരു വർഷം കൂടി അഡീഷണൽ കരാറുണ്ട്. ഇരുപത്തിയേഴുകാരനായ താരം പതിനെട്ടാം നമ്പർ ജേഴ്സിയാണ് അണിയുക. ഈ ഘാന താരത്തിന്റെ വരവോടെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പരിശീലകൻ ആർട്ടെറ്റ വിശ്വസിക്കുന്നത്.

അതേ സമയം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് മറ്റൊരു സൂപ്പർ താരത്തെ കൂടി സൈൻ ചെയ്തു. ഫിയോറെന്റിനയുടെ യുവസൂപ്പർ താരം ഫെഡറിക്കോ ചിയേസയെയാണ് യുവന്റസ് റാഞ്ചിയത്. സാധാരണഗതിയിൽ വിംഗറായാണ് ഈ ഇറ്റാലിയൻ താരം കളിക്കാറുള്ളത്. രണ്ട് വർഷത്തെ ലോണിന് പത്ത് മില്യൺ യൂറോയാണ് യുവന്റസിന് ചിലവായിരിക്കുന്നത്. എന്നാൽ താരത്തെ സ്ഥിരമായി നിലനിർത്തുന്നതിന് നാല്പത് മില്യൺ യൂറോ യുവന്റസ് നൽകേണ്ടി വന്നേക്കും. മുമ്പ് ഒട്ടേറെ വമ്പൻ ക്ലബുകൾ നോട്ടമിട്ട താരമാണ് ചിയേസ. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി, ടോട്ടൻഹാം എന്നിവർ താരത്തെ നോട്ടമിട്ടിരുന്നു. താരത്തെ വിൽക്കാൻ താല്പര്യമില്ലെന്ന് തുടക്കത്തിൽ ഫിയോറെന്റിന അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അവർ തീരുമാനം മാറ്റുകയായിരുന്നു. ഇറ്റാലിയൻ ഫുട്‍ബോളിന്റെ ഭാവിവാഗ്ദാനമായാണ് ചിയേസ വിലയിരുത്തപ്പെടുന്നത്. 2018-ൽ മുതൽ ഇറ്റാലിയൻ ടീമിൽ അംഗമാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *