തുർക്കിഷ് മെസ്സിയെ സ്വന്തമാക്കാൻ റയൽ-ബാഴ്സ പോരാട്ടം!

നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന യുവ സൂപ്പർതാരമാണ് ആർദ്ദ ഗുലർ.തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഇദ്ദേഹം നടത്തിയിട്ടുള്ളത്. മുന്നേറ്റ നിര താരമായും മധ്യനിരതാരമായും ഒരുപോലെ മികവ് പുലർത്താൻ കേവലം 18 വയസ്സ് മാത്രമുള്ള ഈ താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുർക്കിഷ് മെസ്സി എന്ന ഒരു വിശേഷണം ഗുലറിന് ഇപ്പോൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഫെനർബാഷെക്ക് വേണ്ടി 20 മത്സരങ്ങളാണ് ഈ യുവ താരം കളിച്ചിട്ടുള്ളത്.11 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിൽ നിന്ന് നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. മാത്രമല്ല തുർക്കി ദേശീയ ടീമിന് വേണ്ടി നാലു മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനമായി കൊണ്ടാണ് ഈ 18 കാരനായ താരം അറിയപ്പെടുന്നത്.

മുന്നേറ്റ നിരയിലും മധ്യനിരയിലും ഏത് പൊസിഷനിലും ഈ താരത്തെ കളിപ്പിക്കാം എന്നുള്ളത് തന്നെയാണ് ആർദ്ദ ഗുലറിന്റെ ഏറ്റവും വലിയ പ്രത്യേകത. മികച്ച പ്രകടനം നടത്തുന്ന താരത്തിനു വേണ്ടി ഒരുപാട് യൂറോപ്പ്യൻ വമ്പന്മാർ രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് ചിരവൈരികളായ റയൽ മാഡ്രിഡ്,ബാഴ്സ എന്നിവർ താരത്തിനു വേണ്ടി രംഗത്തുണ്ട്. പക്ഷേ റയൽ മാഡ്രിഡാണ് ഈ പോരിൽ മുന്നിട്ട് നിൽക്കുന്നത്. കൂടാതെ ആഴ്സണൽ,ആസ്റ്റൻ വില്ല,ബോറൂസിയ എന്നിവരൊക്കെ ഈ യുവ സൂപ്പർതാരത്തിൽ താല്പര്യം അറിയിച്ചിട്ടുണ്ട്.

അധികം വൈകാതെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിൽ ഗുലർ എത്തുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അതുണ്ടാവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. 15 മില്യൺ പൗണ്ടാണ് താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ.ഗുലർ ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നുള്ളതും അറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *