ഡെംബലെയെ പുറത്തിരുത്തി,താരത്തെ ബാഴ്സ ഒഴിവാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കൂമാൻ !

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സ സെൽറ്റ വിഗോ കീഴടക്കിയത്. മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ഒരടി പോലും പതറാതെ കളിച്ച ബാഴ്സ എവേ ജയമാണ് കരസ്ഥമാക്കിയത്. എന്നാൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെയെ പരിശീലകൻ കൂമാൻ കളത്തിലേക്കിറക്കാത്തത് വലിയ തോതിൽ ചർച്ചാവിഷയമായിരുന്നു. പ്രത്യേകിച്ച് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ശ്രമം നടത്തിയ ഈ സാഹചര്യത്തിൽ ബാഴ്‌സ ഡെംബലെയെ ഒഴിവാക്കുകയാണോ എന്ന സംശയം പോലും ഈ നടപടിയിൽ നിന്നുയർന്നു. പ്രത്യേകിച്ച് പുതിയ താരങ്ങളായ പെഡ്രി, ട്രിൻക്കാവോ എന്നിവർക്കാണ് കൂമാൻ ഡെംബലെയെ മാറ്റിനിർത്തി കൊണ്ട് അവസരം നൽകിയത്. ഇക്കാര്യം മാധ്യമപ്രവർത്തകർ കൂമാനോട് മത്സരശേഷം ചോദിക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പരിശീലകൻ. ഡെംബലെയെ മാറ്റിനിർത്തിയത് ടാക്ടിക്കൽ പരമായിട്ടുള്ള കാര്യത്തിനാലാണെന്നും അദ്ദേഹം ബാഴ്‌സയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹത്തിന്റെ ഭാവി ക്ലബും താരവും കൂടിയാണ് തീരുമാനിക്കേണ്ടത് എന്നുമാണ് കൂമാൻ അറിയിച്ചത്.

” ഡെംബലെയെ ബെഞ്ചിൽ ഇരുത്തിയതിനുള്ള കാരണം ടാക്ടിക്കൽപരമായി ഉള്ളതാണ്. ഡെംബലെയെക്കാൾ കൂടുതൽ പ്രതിരോധത്തിൽ സഹായിക്കാൻ കഴിയുക പെഡ്രിക്കും ട്രിൻക്കാവോക്കുമാണ് എന്നാണ് ഞാൻ കരുതിയത്. അത്കൊണ്ടാണ് ഇരുവർക്കും ഞാൻ അവസരം നൽകിയത്. ഡെംബലെയുടെ ഭാവി അദ്ദേഹവും ക്ലബുമാണ് തീരുമാനിക്കേണ്ടത്. തീർച്ചയായും അദ്ദേഹം ഇപ്പോൾ ബാഴ്സയുടെ ഭാഗം തന്നെയാണ് ” കൂമാൻ പറഞ്ഞു. മത്സരശേഷം തന്റെ ടീമിൽ അഭിമാനിക്കുന്നുവെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നു. എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തിയെന്നും എല്ലാവരും ശാരീരികപരമായി പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും കൂമാൻ അറിയിച്ചു !

Leave a Reply

Your email address will not be published. Required fields are marked *