ഡിജോങിനെ ബാഴ്സ കയ്യൊഴിയുന്നു? റാഞ്ചാനുള്ള ഒരുക്കത്തിൽ വമ്പൻമാർ !

കുറഞ്ഞ കാലയളവു കൊണ്ട് തന്നെ എഫ്സി ബാഴ്സലോണയുടെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാവാൻ സാധിച്ച താരമാണ് ഫ്രങ്കി ഡിജോങ്. 2019-ൽ ഡച്ച് ക്ലബായ അയാക്സിൽ നിന്നും 75 മില്യൺ യൂറോക്ക്‌ ക്യാമ്പ് നൗവിൽ എത്തിയ താരം ഭേദപ്പെട്ട പ്രകടനം തന്നെയാണ് ക്ലബ്ബിന് വേണ്ടി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർക്ക്‌ ഒട്ടും തൃപ്തികരമല്ലാത്ത വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിജോങ്ങിനെ കയ്യൊഴിയാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ ഗോൾ ഡോട്ട് കോം അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തതാണ് ബാഴ്സ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.സാമ്പത്തികപ്രശ്നങ്ങൾ കാരണമാണ് ഡി ജോങിനെ വിൽക്കാൻ ബാഴ്സയെ പ്രേരിപ്പിക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ.

ബാഴ്‌സ തീരെ വിൽക്കാൻ സാധ്യത ഇല്ല എന്ന് കല്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായിരുന്നു ഡിജോങ്. താരത്തെ കൂടാതെ ഫാറ്റി, മെസ്സി, ടെർസ്റ്റീഗൻ, ഗ്രീസ്‌മാൻ എന്നിവരായിരുന്നു ഈ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മാത്രവുമല്ല മുൻ പ്രസിഡന്റ്‌ ബർതോമ്യു രാജിവെക്കുന്നതിന്റെ മുമ്പ് താരത്തിന്റെ കരാർ പുതുക്കുകയും ചെയ്തിരുന്നു. അത്‌ പ്രകാരം 2026 വരെ താരത്തിന് ബാഴ്‌സയിൽ തുടരാം. പക്ഷെ സാമ്പത്തികപ്രശ്നങ്ങളാണ് ബാഴ്സയെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അതേസമയം താരത്തെ റാഞ്ചാൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് തയ്യാറാണെന്നും വാർത്തകൾ ഉണ്ട്. ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഇത് സംബന്ധിച്ച ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു. ഏതായാലും വ്യക്തമായ വിവരങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *