ട്രാൻസ്ഫർ റൂമർ : ഇസ്‌ക്കോക്ക്‌ വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാർ രംഗത്ത് !

ഈ ജനുവരിയിൽ റയൽ മാഡ്രിഡ്‌ വിടാനൊരുങ്ങി നിൽക്കുകയാണ് റയൽ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർ താരം ഇസ്‌ക്കോ. റയൽ മാഡ്രിഡിൽ അവസരങ്ങൾ ലഭിക്കാത്തതിൽ താരം അസന്തുഷ്ടനാണെന്ന് പലകുറി വ്യക്തമായതാണ്. താരത്തിന്റെ പിതാവ് ഇത് പരസ്യമായി പ്രസ്താവിച്ചതുമാണ്. റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ താരത്തെ തഴയുകയായിരുന്നു. ലഭിച്ച അവസരങ്ങളിൽ തന്നെ തിളങ്ങാൻ ഇസ്‌ക്കോക്ക്‌ സാധിച്ചതുമില്ല. യുവന്റസ്, സെവിയ്യ, മിലാൻ, എവെർട്ടൺ എന്നീ ക്ലബുകളെ ഇസ്കോയുമായി ബന്ധിപ്പിച്ച് കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ഫലപ്രദമായിരുന്നില്ല. ഇപ്പോഴിതാ താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തതായാണ് വാർത്തകൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം.

നിലവിൽ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനമാണ് ആഴ്സണലിന്റെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇസ്‌ക്കോ വന്നാൽ മധ്യനിരയിൽ ചലനങ്ങളുണ്ടാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ ലിയോണിന്റെ ഹൗസേം ഔറിനെയും ഈ ജനുവരിയിൽ ക്ലബ്ബിൽ എത്തിക്കാൻ ആഴ്സണലിന് പദ്ധതികളുണ്ട്. ഇസ്‌ക്കോയെ റയൽ മാഡ്രിഡ്‌ വിട്ടേക്കുമെന്ന് തന്നെയാണ് സൂചനകൾ. 2022 വരെയാണ് ഇസ്‌ക്കോക്ക്‌ റയൽ മാഡ്രിഡിൽ കരാറുള്ളത്. നിലവിൽ 6.7 മില്യൺ യൂറോ താരത്തിന് സാലറിയായി നൽകണം. ഇതിനാൽ തന്നെ താരത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതൽ. അതേസമയം താരത്തിന്റെ സാലറി ആഴ്സണലിന് താങ്ങാനാവുമോ എന്നുള്ളതും വലിയൊരു ചോദ്യചിഹ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *