ട്രയൽസ് ചെയ്യാനൊന്നും എന്നെ കിട്ടില്ല : ഇംഗ്ലീഷ് വമ്പൻമാരെ നിരസിച്ച കഥ പറഞ്ഞ് സ്ലാറ്റൻ.

ഫുട്ബോൾ ലോകത്തെ നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.അയാക്സ്,യുവന്റസ്,ഇന്റർ മിലാൻ,ബാഴ്സലോണ,Ac മിലാൻ,പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഈ സ്വീഡിഷ് ഇതിഹാസം കളിച്ചിട്ടുണ്ട്.ഈയിടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.Ac മിലാനിൽ വെച്ച് കൊണ്ടാണ് അദ്ദേഹം ഫുട്ബോൾ കരിയറിന് അവസാനം കുറിച്ചത്.

കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ പിന്നീട് അത് നടക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണം ഇപ്പോൾ സ്ലാറ്റൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ഇതിഹാസ പരിശീലകനായ ആഴ്സൻ വെങ്ങർ തന്നോട് ട്രയൽസ് നടത്താൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ താനത് നിരസിച്ചു എന്നുമാണ് സ്ലാറ്റൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ചെറുപ്രായത്തിൽ തന്നെ ഒരുപാട് ക്ലബ്ബുകൾക്ക് എന്നിൽ താല്പര്യമുണ്ടായിരുന്നു. അതിലൊന്ന് ആഴ്സണലായിരുന്നു. അങ്ങനെ ഞാൻ അവരുടെ പരിശീലകനായ വെങ്ങറുടെ ഓഫീസിലെത്തി.ഹെൻറി ഉൾപ്പെടെയുള്ള നിരവധി ഇതിഹാസങ്ങളെ ഞാൻ അവിടെ കണ്ടു.വെങ്ങർ വെറുതെ ഒരു താരത്തെ വാങ്ങുമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്നോട് രണ്ട് ആഴ്ച ട്രയൽസ് നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.ഞാൻ അദ്ദേഹത്തോട് പറഞ്ഞു,ഒന്നുകിൽ എന്നെ സൈൻ ചെയ്യുക,അല്ലെങ്കിൽ എന്നെ വേണ്ടെന്നു പറയുക.അല്ലാതെ ട്രയൽസ് നടത്താനൊന്നും എന്നെ കിട്ടില്ല. അതോടെ അത് അവിടെ അവസാനിച്ചു ” ഇതാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.

ഐതിഹാസിക തുല്യമായ ഒരു കരിയർ തന്നെ അവകാശപ്പെടാൻ സ്ലാട്ടന് സാധിക്കുന്നുണ്ട്.പ്രൊഫഷണൽ കരിയറിൽ 570 ഗോളുകൾ നേടിയ ഇദ്ദേഹം 12 ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.പക്ഷേ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടും ഒരു ചാമ്പ്യൻസ് ലീഗ് പോലും കരിയറിൽ നേടാൻ സ്ലാട്ടന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *