ടെല്ലസ്, കവാനി. അവസാനദിവസത്തിൽ നാലു താരങ്ങളെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് !

ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസത്തിൽ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ ടീമിലെത്തിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർട്ടോയുടെ ബ്രസീലിയൻ താരം അലക്സ് ടെല്ലസ്, ഉറുഗ്വൻ സ്‌ട്രൈക്കർ എഡിൻസൺ കവാനി എന്നിവരെയാണ് ഇന്നലെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ഫുൾ ബാക്കായ അലക്സ് ടെല്ലസിനെ പതിനേഴ് മില്യൺ യൂറോ നൽകിയാണ് പോർട്ടോയിൽ നിന്നും യുണൈറ്റഡ് റാഞ്ചിയത്. നാല് വർഷത്തെ കരാറിലാണ് താരം യുണൈറ്റഡുമായി സൈൻ ചെയ്തിരിക്കുന്നത്. ഇരുപത്തിയേഴുവയസ്സുകാരനായ താരം നിലവിൽ ബ്രസീൽ ടീമിനൊപ്പം ചേരാനിരിക്കുകയാണ്. കഴിഞ്ഞ കുറെ ആഴ്ച്ചകളായി യുണൈറ്റഡ് താരത്തെ ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്. ഒടുവിൽ പതിനേഴ് മില്യണ് ധാരണയിൽ എത്തുകയായിരുന്നു. ഇതോടെ ടീമിലെ ലെഫ്റ്റ് ബാക്ക് പൊസിഷന് വേണ്ടി ലുക്ക് ഷോ മത്സരത്തിലേർപ്പെടേണ്ടി വരും.ടെല്ലസ് കഴിഞ്ഞ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 13 ഗോളും 12 അസിസ്റ്റും നേടിയിരുന്നു.

സൂപ്പർ താരം എഡിൻസൺ കവാനിയെയും തങ്ങൾ ടീമിലെത്തിച്ചതായി യുണൈറ്റഡ് അറിയിച്ചു. ഫ്രീ ഏജന്റ് ആയിരുന്ന കവാനിയെ ഒരു വർഷത്തെ കരാറിലാണ് യുണൈറ്റഡ് റാഞ്ചിയത്. താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടെ കരാർ നീട്ടാനായേക്കും. മൂന്ന് മാസങ്ങൾ മുമ്പ് തന്നെ പിഎസ്ജിയോട് വിടപറഞ്ഞു കൊണ്ട് കവാനി ഫ്രീ ഏജന്റ് ആയിരുന്നു. തുടർന്ന് താരം പുതിയ ക്ലബ് അന്വേഷിച്ചു നടക്കുകയായിരുന്നു. ഏതായാലും കവാനിയുടെ വരവും യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ മത്സരങ്ങൾ സൃഷ്ടിച്ചേക്കും. സഞ്ചോ, ഡെംബലെ എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വിഫലമായതിനെ തുടർന്നാണ് കവാനിയെ യുണൈറ്റഡ് സൈൻ ചെയ്തത്. ഇരുവരെയും കൂടാതെ അറ്റലാന്റയുടെ അമഡ് ഡയാലോ, മറ്റൊരു ഉറുഗ്വൻ താരമായ ഫകുണ്ടോ പെല്ലിസ്ട്രി എന്നിവരെയും യുണൈറ്റഡ് സൈൻ ചെയ്തിട്ടുണ്ട്. മുമ്പ് അയാക്സ് താരം വാൻ ഡി ബീക്കിനെ യുണൈറ്റഡ് ക്ലബ്ബിൽ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *