ക്രിസ്റ്റ്യാനോ മെസ്സിക്കൊപ്പം ഒരുമിക്കണം: നിർദ്ദേശവുമായി മുൻസഹതാരം!
ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വലിയ ആരാധക കൂട്ടത്തെ സൃഷ്ടിക്കാൻ ഈ രണ്ടു താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. നിലവിൽ രണ്ടു താരങ്ങളും കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മെസ്സി അമേരിക്കൻ ഫുട്ബോളിലാണ് കളിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ഫുട്ബോളിന്റെ താരമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം നേരത്തെ കളിച്ചിട്ടുള്ള പോർച്ചുഗൽ താരമാണ് പെഡ്രോ മെന്റസ്. അദ്ദേഹം ഇക്കാര്യത്തിൽ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർമയാമിയിലേക്ക് പോയി ലയണൽ മെസ്സിക്കൊപ്പം ഒരുമിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ നിർദ്ദേശം. എന്നാൽ അതിനുള്ള സാധ്യത വളരെയധികം കുറവാണ് എന്നും ഇദ്ദേഹം പറയുന്നുണ്ട്.മെന്റസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർ മയാമിയിലേക്ക് പോവുകയാണെങ്കിൽ അത് ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം അമേസിങായിട്ടുള്ള ഒരു കാര്യമായിരിക്കും. അതോടൊപ്പം തന്നെ അമേരിക്കൻ ഫുട്ബോളിനും അതൊരു മുതൽക്കൂട്ടായിരിക്കും. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങൾ ഒരുമിക്കുന്നത് കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അതൊരു സ്വപ്നസാക്ഷാത്കാരമായിരിക്കും.പക്ഷേ അത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും ” ഇതാണ് മെന്റസ് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടനെയൊന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല.കുറച്ച് കാലം കൂടി അദ്ദേഹം സൗദി അറേബ്യൻ ഫുട്ബോളിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനിയൊരു കൂട് മാറ്റത്തിന് സാധ്യത കുറവാണ്. എന്നിരുന്നാലും പോർച്ചുഗൽ ക്ലബ് ആയ സ്പോർട്ടിങ്ങിൽ വെച്ച് കൊണ്ട് വിരമിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.