ക്രിസ്റ്റ്യാനോക്ക് കൂട്ടായി സൂപ്പർ സ്ട്രൈക്കെർ സെക്കോ യുവന്റസിലെത്തുന്നു!

റോമയുടെ സൂപ്പർ സ്‌ട്രൈക്കർ എഡിൻ സെക്കോ യുവന്റസിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഈ വാർത്തയുടെ ഉറവിടം. മുപ്പത്തിനാലുകാരനായ താരം രണ്ടു വർഷത്തെ കരാറിലാണ് യുവന്റസിലേക്ക് ചേക്കേറാൻ നിൽക്കുന്നത്. പതിനാറു മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി യുവന്റസ് ചിലവഴിക്കുക. 7.5 മില്യൻ യുറോ താരത്തിന് വാർഷികവേതനമായി ലഭിക്കും. സൂപ്പർ താരം ലൂയിസ് സുവാരസിന്റെ വരവ് ഉറപ്പില്ലാത്തതിനാലാണ് സെക്കോയെ ആന്ദ്രേ പിർലോ ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. അഞ്ച് വർഷം റോമയിൽ ചിലവഴിച്ച ശേഷമാണ് സെക്കോ യുവന്റസിൽ എത്തുന്നത്.

ഈ ട്രാൻസ്ഫറിൽ ക്ലബ് വിട്ട ഹിഗ്വയ്‌ന്റെ പകരക്കാരനെ തേടുകയാണ് പിർലോ ഇപ്പോൾ ചെയ്യുന്നത്. ലൂയിസ് സുവാരസിന് പുറമെ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ അൽവാരോ മൊറാറ്റ, മുൻ പിഎസ്ജി താരം എഡിൻസൺ കവാനി, ചെൽസിയുടെ ഒലിവർ ജിറൂദ് എന്നിവരെയൊക്കെ ഈ സ്ഥാനത്തേക്ക് പിർലോ പരിഗണിച്ചിരുന്നു. എന്നാൽ സെക്കോക്ക് നറുക്ക് വീഴുകയായിരുന്നു എന്നാണ് ഗോൾ പറയുന്നത്. ജർമ്മനിയിലും ഇംഗ്ലണ്ടിലും കിരീടങ്ങൾ നേടിയ താരമാണ് സെക്കോ. മുമ്പ് വോൾഫ്സ്ബർഗിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി താരം കളിച്ചിട്ടുണ്ട്. 2015-ൽ റോമയിൽ എത്തിയ താരം 222 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 106 ഗോളുകൾ താരം അടിച്ചു കൂട്ടിയിട്ടുണ്ട്. 2016-17 സീസണിൽ 29 ഗോളുകൾ നേടികൊണ്ട് സിരി എ ടോപ് സ്കോറെർ ആവാൻ താരത്തിന് കഴിഞ്ഞിരുന്നു. താരത്തിന്റെ വരവ് റൊണാൾഡോ, ദിബാല എന്നിവർ ഉള്ള യുവന്റസിന്റെ മുന്നേറ്റനിരക്ക് ശക്തിപകരുമെന്നാണ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *