കൂമാൻ നോട്ടമിട്ട സൂപ്പർ താരത്തിന് വേണ്ടി രംഗത്ത് വന്ന് പിഎസ്ജി !

കഴിഞ്ഞ സമ്മറിലാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേറ്റത്. അദ്ദേഹം വന്നത് മുതൽ ടീമിലെത്തിക്കാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേ. കൂമാന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഡീപേ. താരത്തിന് വേണ്ടി നല്ല രീതിയിൽ തന്നെ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. താരത്തിന്റെ വിലയുടെ കാര്യത്തിൽ അഡ്ജസ്റ്റ്മെന്റുകൾക്ക്‌ ലിയോൺ തയ്യാറാവാതെ വന്നതോടെ ബാഴ്സ പിൻവലിയുകയായിരുന്നു. സാമ്പത്തികമായുള്ള പ്രശ്നങ്ങൾ കാരണമാണ് ഡീപേ ടീമിൽ എത്തിക്കാൻ ബാഴ്സക്ക്‌ കഴിയാതെ പോയത്. എന്നാൽ നീക്കം ഉപേക്ഷിക്കാൻ ബാഴ്‌സ തയ്യാറായിരുന്നില്ല. അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന താരത്തെ കൂടാരത്തിലെത്തിക്കാൻ ബാഴ്സ ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ജനുവരിയിൽ തന്നെ ഡീപേ ബാഴ്സയിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാലിപ്പോൾ ബാഴ്‌സക്ക്‌ വെല്ലുവിളി ഉയർത്തി കൊണ്ട് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനാണ് പിഎസ്ജിയുടെ പദ്ധതി. അതായത് ജനുവരിയിൽ ഡീപേയുയുമായി കരാറിൽ എത്താൻ ബാഴ്‌സക്ക്‌ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് വെല്ലുവിളിയായി പിഎസ്ജിയുണ്ടാവും. സൂപ്പർ താരം കിലിയൻ എംബാപ്പെ ടീം വിടുകയാണെങ്കിൽ ഒരു ബാക്കപ്പ് എന്ന രൂപത്തിലാണ് ഡീപേയെ പിഎസ്ജി കണ്ടുവെച്ചിരിക്കുന്നത്. എന്നാൽ ഡീപേ പിഎസ്ജിയെ തിരഞ്ഞെടുക്കുമോ എന്നുള്ളത് സംശയമാണ്. താരത്തിന് ബാഴ്സയിലേക്ക് ചേക്കേറാനാണ് താല്പര്യമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ കൂമാന്റെ ഭാവി ഇപ്പോഴും സ്ഥിരതയിൽ അല്ല. അതിനാൽ തന്നെ ബാഴ്സ താരത്തിന് വേണ്ടിയുള്ള നീക്കം ഉപേക്ഷിക്കുമോ എന്നുള്ളതും ഒരു ചോദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *