കൂട്ടീഞ്ഞോയെ ബാഴ്സ ഉടൻ വിറ്റേക്കുമെന്ന് വാർത്ത !

ഈ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ബയേണിൽ നിന്ന് ലോൺ കാലാവധി കഴിഞ്ഞ് തിരികെ ബാഴ്സയിൽ എത്തിയത്. തുടക്കത്തിൽ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പരന്നിരിന്നുവെങ്കിലും പിന്നീട് ബാഴ്സ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാന്റെ ക്ഷണപ്രകാരം കൂട്ടീഞ്ഞ ബാഴ്‌സയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. തുടക്കത്തിൽ മികച്ച പ്രകടനം കൂട്ടീഞ്ഞോ കാഴ്ച്ചവെച്ചിരുന്നുവെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്തുയർന്നില്ല. ഇപ്പോഴിതാ കൂട്ടീഞ്ഞോയെ ബാഴ്സലോണ ഉടൻ തന്നെ വിൽക്കുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സ്പാനിഷ് മാധ്യമങ്ങളായ കറ്റാലൻ ഡെയിലി എആർഎയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് പ്രധാനപ്പെട്ട മാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഈ ജനുവരി ട്രാൻസ്ഫറിൽ താരത്തെ വിൽക്കണമെന്നാണ് ബാഴ്‌സയുടെ ആവിശ്യം. ബാഴ്സയുടെ താൽകാലിക പ്രസിഡന്റ്‌ ടുസ്ക്കെറ്റ്സ് സ്പോർട്ടിങ് ഡയറക്ടറായ റാമോൺ പ്ലാനസിനോട് കൂട്ടീഞ്ഞോയെ വിൽക്കാനുള്ള വഴികൾ നോക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇവരുടെ വാദം. ജനുവരി ഇരുപത്തിനാലിന് മുമ്പ് കൂട്ടീഞ്ഞോയുടെ ട്രാൻസ്ഫർ പൂർത്തിയാക്കണമെന്നാണ് ടുസ്ക്കെറ്റ്സ് ആവിശ്യപ്പെട്ടിരിക്കുന്നത്. 50-70 മില്യൺ യൂറോകൾക്കിടയിൽ വില ലഭിക്കുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാഴ്സക്ക്‌ ഈ ട്രാൻസ്ഫർ ആശ്വാസകരമായേക്കും. താരത്തിന്റെ സാലറി ലാഭിക്കാനും ഇതുവഴി ബാഴ്സക്ക്‌ കഴിഞ്ഞേക്കുമെന്നാണ് കണക്കുകൂട്ടലുകൾ. കൂടാതെ യുവതാരം പെഡ്രിയുടെ മികച്ച പ്രകടനം കൂട്ടീഞ്ഞോയുടെ സ്ഥാനത്തിന് കോട്ടം തട്ടാൻ കാരണമായെന്നും ഇവർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *