കൂട്ടിഞ്ഞോയും മിഡിൽ ഈസ്റ്റിലേക്ക്?

ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടിഞ്ഞോ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഉനൈ എംരിക്ക് കീഴിൽ അത്ര മികവ് ഒന്നും പുലർത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടുന്ന കാര്യം കൂട്ടിഞ്ഞോ പരിഗണിക്കുന്നുണ്ട്. മികച്ച ഓഫറുകൾ ലഭിക്കുകയാണെങ്കിൽ അദ്ദേഹം ക്ലബ്ബിനോട് വിടപറയും.

കഴിഞ്ഞമാസം സൗദി അറേബ്യയിലെ പല ക്ലബ്ബുകളിൽ നിന്നും കൂട്ടിഞ്ഞോക്ക് ഓഫറുകൾ ലഭിച്ചിരുന്നു.പക്ഷേ അദ്ദേഹം ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഓഫറുകൾ അല്ലാത്തതിനാൽ താരം അതൊക്കെ നിരസിക്കുകയായിരുന്നു. ഇപ്പോൾ ഖത്തരി ക്ലബ്ബിൽ നിന്നും ഫിലിപ്പെ കൂട്ടിഞ്ഞോക്ക് ഓഫർ ലഭിച്ചിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ഈ ബ്രസീലിയൻ സൂപ്പർ താരം ഇത് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. മികച്ച ഓഫർ ആണെങ്കിൽ സ്വീകരിക്കാൻ തന്നെയാണ് താരത്തിന്റെ പദ്ധതി. നിലവിൽ സൗദി അറേബ്യയിലേക്ക് ഒരുപാട് സൂപ്പർതാരങ്ങൾ ചേക്കേറുന്നുണ്ട്. പക്ഷേ ഖത്തറിൽ നിന്നുള്ള ഓഫർ കൂട്ടിഞ്ഞോ സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.കാരണം അത്രയധികം പ്രശസ്തരായ താരങ്ങൾ ഖത്തറിൽ നിലവിൽ കളിക്കുന്നില്ല.നേരത്തെ എഫ്സി ബാഴ്സലോണ,ലിവർപൂൾ തുടങ്ങിയ പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കൂട്ടിഞ്ഞോ.

നിരവധി ബ്രസീലിയൻ സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലേക്ക് ചേക്കേറിയിട്ടുണ്ട്.റോബെർട്ടോ ഫിർമിനോ,ഫാബിഞ്ഞോ,അലക്സ് ടെല്ലസ് എന്നിവരൊക്കെ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബുകളുടെ താരങ്ങളായി കഴിഞ്ഞു.വില്യൻ,റോജർ ഇബാനസ് എന്നിവരും സൗദിയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. ഇതിന് പിന്നാലെ കൂട്ടിഞ്ഞോയും മിഡിൽ ഈസ്റ്റിലേക്ക് എത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *