കിലിയൻ എംബാപ്പെയെ എളുപ്പത്തിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയില്ല !

ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂപ്പർ താരം കിലിയൻ എംബാപ്പെ തനിക്ക് പിഎസ്ജി വിടണമെന്ന കാര്യം ക്ലബ്ബിനെ അറിയിച്ചത്. 2022 വരെ താരത്തിന് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നുണ്ടെങ്കിലും അടുത്ത സീസണിന് ശേഷം തനിക്ക് പിഎസ്ജി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറണമെന്നാണ് എംബാപ്പെ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. തുടക്കത്തിൽ എംബാപ്പെയുടെ ലക്ഷ്യസ്ഥാനം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡോ ലിവർപൂളോ ആയിരിക്കുമെന്ന രൂപത്തിൽ റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് കാര്യങ്ങൾ ശരിയായ ദിശയിലേക്ക് തന്നെ തിരിഞ്ഞു. അതായത് എംബാപ്പെയുടെ ലക്ഷ്യസ്ഥാനം റയൽ മാഡ്രിഡ്‌ ആണെന്നും റയൽ അധികൃതരാണ് എംബാപ്പെയുടെ ഇത്തരമൊരു തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതുമെന്നുള്ള രൂപത്തിലാണ് വാർത്തകൾ പരന്നത്. അടുത്ത വർഷം എംബാപ്പെയെ ടീമിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ റയൽ മാഡ്രിഡ്‌ അണിയറയിൽ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ റയൽ മാഡ്രിഡിന് അത്ര എളുപ്പത്തിൽ ആവില്ല എന്നാണ് പ്രമുഖ മാധ്യമമായ സണ്ണിന്റെ കണ്ടെത്തൽ. എംബാപ്പെയെ കുറഞ്ഞ തുകക്കൊന്നും നൽകാൻ പിഎസ്ജിക്ക് ഉദ്ദേശമില്ല എന്നാണ് വ്യക്തമാവുന്നത്.

അതായത് എംബാപ്പെക്ക് വേണ്ടി 300 മില്യൺ യുറോക്ക് മുകളിൽ പിഎസ്ജി റയൽ മാഡ്രിഡിനോട് ആവിശ്യപ്പെടും എന്നാണ് സണ്ണിന്റെ കണ്ടെത്തൽ. കൃത്യമായി പറഞ്ഞാൽ 324 മില്യൺ ആയിരിക്കും എംബാപ്പെയുടെ വില എന്നാണ് സൺ അവകാശപ്പെടുന്നത്. ഇത്രയും വലിയൊരു തുക റയൽ നൽകാൻ ഒരുക്കമല്ല എന്നുള്ളത് വ്യക്തമായ കാര്യമാണ്. ഇനി മാഞ്ചസ്റ്റർ സിറ്റി ആയാലും ഇത്തരത്തിലുള്ള ഒരു തുക മുടക്കിയേക്കില്ല. റയലാവട്ടെ 100 മില്യൺ യുറോയാണ് താരത്തിന് വേണ്ടി അടുത്ത സമ്മറിൽ കണ്ടുവെച്ചിരിക്കുന്നത്. അതിന് പിഎസ്ജി വഴങ്ങിയില്ലെങ്കിൽ ഏതെങ്കിലും താരത്തെയോ ബോണസോ ഓഫർ ചെയ്‌തേക്കും. അല്ലാതെ വമ്പൻ തുകയൊന്നും റയൽ മുടക്കിയേക്കില്ല. പിന്നെ മറ്റൊരു ഓപ്ഷൻ ഉള്ളത് 2022 വരെ എംബാപ്പെയുടെ കരാർ ഒള്ളൂ. അത്‌ അവസാനിക്കും വരെ കാത്തിരിക്കുക. എന്നിട്ട് ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കുക. എന്നാൽ പിഎസ്ജി നഷ്ടകച്ചവടത്തിന് തയ്യാറായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *