കവാനി ഇനി അർജന്റീനയിൽ കളിക്കും!

ഉറുഗ്വൻ സൂപ്പർ താരമായ എഡിൻസൺ കവാനി കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ വലൻസിയക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അവർക്ക് വേണ്ടി ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.എന്നാൽ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹം ക്ലബ്ബ് വിടാൻ താല്പര്യപ്പെടുകയായിരുന്നു. തുടർന്ന് ഫ്രീ ഏജന്റായ കവാനി പുതിയ ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.

ഇനിമുതൽ ഈ സൂപ്പർ താരം അർജന്റീനയിലാണ് കളിക്കുക.അർജന്റൈൻ വമ്പൻമാരായ ബൊക്ക ജൂനിയേഴ്‌സ് കവാനിയെ സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ബൊക്ക ജൂനിയേഴ്സുമായി ഒപ്പുവെക്കുക.ഇനി ലാ ബോംബനേരയിലാണ് ഈ സൂപ്പർതാരത്തെ കാണാനാവുക.

നിലവിൽ ഫുട്ബോൾ ലോകത്തെ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഏഴാമത്തെ താരം കവാനിയാണ്. അദ്ദേഹം തന്റെ കരിയറിൽ 437 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. 93 അസിസ്റ്റുകളും 26 കിരീടങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. കരിയറിന്റെ വലിയൊരു ഭാഗം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിച്ചിട്ടുള്ളത്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും രണ്ട് വർഷക്കാലം കളിച്ചു.

താരത്തിന്റെ വരവ് ബൊക്ക ജൂനിയേഴ്സിന് കൂടുതൽ സഹായകരമായേക്കും. ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ബൊക്കക്ക് സാധിച്ചിട്ടില്ല. നിലവിൽ അർജന്റൈൻ ലീഗിൽ എട്ടാം സ്ഥാനത്താണ് ബൊക്ക ജൂനിയേഴ്സ് ഉള്ളത്.26 മത്സരങ്ങളിൽ നിന്ന് 41 പോയിന്റ് ആണ് അവരുടെ സമ്പാദ്യം. ബൊക്കയുടെ ചിരവൈരികളായ റിവർ പ്ലേറ്റ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.27 മത്സരങ്ങളിൽ നിന്ന് 61 പോയിന്റ് ആണ് അവർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *