കരാർ പുതുക്കാതെ റയൽ മാഡ്രിഡ്‌, റാമോസ് ക്ലബ് വിടാൻ സാധ്യതയേറുന്നു !

റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസിന്റെ കരാർ ഈ ജൂൺ മുപ്പതോട് കൂടി അവസാനിക്കും. ഈ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ മറ്റേത് ക്ലബുമായും ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും റാമോസിന് അനുവാദമുണ്ട്. എന്നാൽ റയൽ മാഡ്രിഡ്‌ ഇതിഹാസതാരമായ റാമോസ് ക്ലബ്‌ വിടുമെന്നുള്ളത് ആരാധകർ പ്രതീക്ഷിക്കാത്ത കാര്യമാണ്. പക്ഷെ കാര്യങ്ങളുടെ നീക്കുപോക്കുകൾ അവിടേക്കാണ്. ഗോൾ ഡോട്ട് കോം ആണ് റയൽ നായകൻ ക്ലബ് വിടാൻ സാധ്യതകൾ ഏറിവരികയാണ് എന്നുള്ള കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കരാർ പുതുക്കാനുള്ള ചർച്ചകൾ എവിടെയുമെത്താത്തതാണ് ഇതിന് പ്രധാനമായും ചൂണ്ടികാണിക്കുന്ന കാരണം. താരവുമായി കരാർ പുതുക്കുന്നതിന്റെ ചർച്ചകൾ മുമ്പ് നടത്തിയിരുന്നുവെങ്കിലും അത്‌ ഫലം കണ്ടിരുന്നില്ല. അതേസമയം മിഡ്‌ഫീൽഡർ മോഡ്രിച്ചിന്റെ കരാർ റയൽ പുതുക്കുകയും ചെയ്തു.

രണ്ട് വർഷത്തേക്ക് കരാർ പുതുക്കണമെന്നാണ് റാമോസിന്റെ ആവിശ്യം. എന്നാൽ ഒരു വർഷത്തേക്ക് പുതുക്കിയ ശേഷം പിന്നീട് ആലോചിക്കാമെന്നാണ് റയൽ മാഡ്രിഡിന്റെ പക്ഷം. ഇതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു. നിലവിൽ റയലിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമാണ് റാമോസ്. അടുത്ത മാർച്ചിൽ താരത്തിന് 35 വയസ്സാവും. ഇതാണ് രണ്ട് വർഷത്തേക്ക് കരാർ പുതുക്കാൻ റയൽ മാഡ്രിഡിനെ അനുവദിക്കാത്ത കാര്യം. അതേസമയം റാമോസിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ട്. 2005-ൽ സെവിയ്യയിൽ നിന്നായിരുന്നു താരം റയൽ മാഡ്രിഡിൽ എത്തിയത്. റയൽ മാഡ്രിഡിന് വേണ്ടി 666 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മാത്രമല്ല ഈ മത്സരങ്ങളിൽ നിന്ന് 100 ഗോളുകളും താരം നേടിയിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ലാലിഗയും നാലു ചാമ്പ്യൻസ് ലീഗും താരം സ്വന്തമാക്കിയിട്ടുണ്ട്. താരത്തെ കൈവിട്ടാൽ അത്‌ വൻതിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. കരാർ പുതുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *