ഒടുവിൽ ബാഴ്‌സയുടെ പ്രതീക്ഷകൾ അസ്തമിച്ചു, ഗാർഷ്യക്ക് വേണ്ടിയുള്ള അവസാനനീക്കവും നിരസിച്ച് സിറ്റി !

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ പരിഗണന നൽകിയിരുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യ. ഒട്ടേറെ തവണ താരത്തിന് വേണ്ടി ബാഴ്‌സ സിറ്റിയെ സമീപിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. എന്നിരുന്നാലും ബാഴ്‌സ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നത് അവസാനനീക്കത്തിലായിരുന്നു. എന്തെന്നാൽ താരത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കുകയും താരം കരാർ പുതുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ അടുത്ത വർഷം ഗാർഷ്യയെ സിറ്റി ഫ്രീ ഏജന്റ് ആയി വിടേണ്ടി വരും. അങ്ങനെയാവുന്നതിലും നല്ലത് ഇപ്പോൾ ലഭിക്കുന്ന തുകക്ക് വിൽക്കാൻ സിറ്റി തീരുമാനിക്കും എന്നായിരുന്നു ബാഴ്സ കരുതിയിരുന്നത്. എന്നാൽ ബാഴ്‌സയുടെ അവസാന ഓഫറും സിറ്റി തള്ളികളയുകയാണ് ചെയ്തത്.ഇതോടെ ഒരു സെന്റർ ഡിഫന്റർ എന്ന കൂമാന്റെ ആവിശ്യം സ്വപ്നം മാത്രമായി അവശേഷിച്ചു.

നിലവിൽ സാമുവൽ ഉംറ്റിറ്റി കൂമാന്റെ പദ്ധതികളിൽ ഇല്ലാത്ത താരമാണ്. മാത്രമല്ല ഇന്നലെ ജീൻ ക്ലെയർ ടോഡിബോയെ ബാഴ്‌സ ലോണിൽ വിടുകയും ചെയ്തു. ബെൻഫിക്കയിലേക്കാണ് താരം കൂടുമാറിയത്. ഇതോടെ ഒരു പ്രതിരോധനിരക്കാരനെ കൂമാന് ആവിശ്യമായിരുന്നു. ഇതിനാൽ തന്നെ 15 മില്യൺ പൗണ്ടിന്റെ ഓഫർ ആയിരുന്നു ഇന്നലെ ബാഴ്‌സ മുന്നോട്ട് വെച്ചത്. 9 മില്യൺ പൗണ്ട് തുകയായിട്ടും 6 മില്യൺ ആഡ് ഓൺസുമായിട്ടായിരുന്നു ബാഴ്‌സ ഓഫർ ചെയ്തത്. എന്നാൽ ഇത് പെപ്പിന്റെ സിറ്റി നിരസിച്ചു. കഴിഞ്ഞ സീസണിലാണ് ഈ യുവതാരം സിറ്റിക്ക് വേണ്ടി ആദ്യത്തെ പ്രീമിയർ ലീഗ് മത്സരം കളിച്ചത്. 20 മത്സരങ്ങൾ ആകെ കളിക്കുകയും ചെയ്തു. ഏതായാലും മുൻ ബാഴ്‌സ താരമായ ഗാർഷ്യയെ ഈ ജനുവരി ട്രാൻസ്ഫറിൽ ക്ലബ്ബിൽ എത്തിക്കാൻ ബാഴ്‌സ ശ്രമിച്ചേക്കും. ബാഴ്‌സയിലേക്ക് വരാൻ താല്പര്യമുള്ള ഗാർഷ്യ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. അത്കൊണ്ട് തന്നെ അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആയി സ്വന്തമാക്കാനും ബാഴ്‌സക്ക് അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *