എന്ത്കൊണ്ട് സുവാരസ് യുവന്റസിലെത്തിയില്ല? പിർലോ പറയുന്നു !

സൂപ്പർ താരം ലൂയിസ് സുവാരസിന് ഇനി ബാഴ്‌സയിൽ ഇടമില്ല എന്ന് ക്ലബ് അറിയിച്ചതിനെ തുടർന്നായിരുന്നു താരം ക്ലബ് വിടാൻ തീരുമാനിച്ചത്. പിഎസ്ജിയും അയാക്‌സും ഇന്റർമിയാമിയും അത്‌ലെറ്റിക്കോ മാഡ്രിഡുമൊക്കെ താരത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിരുന്നുവെങ്കിലും താരത്തിന് വേണ്ടി ശക്തമായി നീക്കങ്ങൾ നടത്തിയത് യുവന്റസായിരുന്നു. ഒടുവിൽ ക്ലബ്ബിൽ എത്തുന്നതിന്റെ വക്കിൽ വരെ സുവാരസ് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവന്റസിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിതമായ നീക്കമുണ്ടായത്. റോമയിൽ നിന്നും എഡിൻ സെക്കോയെ യുവന്റസ് എത്തിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതോടെ സാധ്യതകൾ അവസാനിച്ചത് ലൂയിസ് സുവാരസിന്റേത് ആയിരുന്നു. ഇപ്പോഴിതാ സുവാരസിന്റെ ട്രാൻസ്ഫർ മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ പിർലോ. താരത്തിന്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ് താരത്തിന് വിനയായത് എന്നാണ് പിർലോ പറഞ്ഞത്.

സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ്സ് ആണ് പിർലോയുടെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ” സുവാരസ് ഇനി യുവന്റസിൽ എത്താൻ ബുദ്ദിമുട്ടാണ്. കാരണം അദ്ദേഹത്തിന് കൃത്യസമയത്തിന് പാസ്പോർട്ട് ലഭിച്ചില്ല എന്നുള്ളത് തന്നെയാണ്. ഇത്തരം കാര്യങ്ങൾക്ക് ഒരുപാട് സമയമെടുക്കും എന്നുള്ളത് എനിക്കറിയാം. അത്‌ കൊണ്ട് തന്നെ അദ്ദേഹം ഞങ്ങളുടെ അടുത്ത സെന്റർ ഫോർവേഡ് ആവാനുള്ള സാധ്യതകൾ വളരെ കുറവാണ് ” പിർലോ പറഞ്ഞു. താരം കഴിഞ്ഞ ദിവസം ഇറ്റാലിയൻ എക്സാം പാസായിരുന്നു. പക്ഷെ പിർലോയുടെയും യുവന്റസിന്റെയും അഭിപ്രായത്തിൽ താരം ഒരുപാട് വൈകി എന്നാണ്. അതിനാൽ തന്നെ യുവന്റസ് താരത്തെ തഴയുകയായിരുന്നു. സുവാരസ് നിലവിൽ ബാഴ്സലോണ നഗരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇനി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ആണ് മറ്റൊരു ഓപ്ഷൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *