എകിറ്റിക്കെയുടെ കാര്യത്തിൽ പണികിട്ടി,തിരികെ റാമോസിന്റെ കാര്യത്തിൽ PSG ക്ക് പണികൊടുക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിൽ പെട്ട ഒരു യുവ സൂപ്പർതാരമാണ് ഹ്യൂഗോ എകിറ്റിക്കെ. താരത്തെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എകിറ്റിക്കെയെ പിഎസ്ജി സ്വന്തമാക്കുകയായിരുന്നു.

പക്ഷേ ഇപ്പോൾ പിഎസ്ജി ലക്ഷ്യമിടുന്ന മറ്റൊരു സൂപ്പർതാരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ന്യൂ കാസിൽ യുണൈറ്റഡുള്ളത്.ബെൻഫിക്കയുടെ പോർച്ചുഗീസ് താരമായ ഗോൺസാലോ റാമോസിനെയാണ് ന്യൂകാസിൽ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. പ്രമുഖ പോർച്ചുഗീസ് ജേണലിസ്റ്റായ പെഡ്രോ സെപുൽവേഡയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താരത്തെ ടീമിൽ എത്തിക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും കാര്യമായ പുരോഗതികൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ന്യൂകാസിൽ യുണൈറ്റഡ് താരത്തിനു വേണ്ടി ഉടൻതന്നെ ഒരു ഓഫർ സമർപ്പിച്ചേക്കും.30 മില്യൺ യുറോയോളമാണ് 21 കാരനായ ഈ താരത്തിന് ന്യൂകാസിൽ യുണൈറ്റഡ് വാഗ്ദാനം ചെയ്യുക. എന്നാൽ റാമോസിനു വേണ്ടിയുള്ള ഈ ഓഫർ ബെൻഫിക്ക സ്വീകരിക്കുമോ എന്നുള്ളത് വ്യക്തമല്ല.

2013 മുതലാണ് റാമോസ് ബെൻഫികയുടെ ഭാഗമായത്.നിലവിൽ തകർപ്പൻ ഫോമിലാണ് ഈ പോർച്ചുഗീസ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഗോൺസാലോ റാമോസിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് ന്യൂകാസിൽ യുണൈറ്റഡിന് വലിയ മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *