എംബപ്പേയുടെ പകരക്കാരൻ ബ്രസീലിൽ നിന്നും,ആകെ 3 ബ്രസീലിയൻ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജി!

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അവസാനിക്കുക.ഈ കരാർ അദ്ദേഹം ഇതുവരെ പുതുക്കിയിട്ടില്ല. തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ ഇതുവരെ താരം എടുത്തിട്ടുമില്ല. അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇക്കാര്യത്തിൽ പിഎസ്ജി ജാഗ്രത പുലർത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം ഗോൾ ഫ്രാൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് എംബപ്പേ ക്ലബ്ബ് വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പിഎസ്ജി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് ബ്രസീലിയൻ വണ്ടർ കിഡിനെയാണ്.മെസ്സിഞ്ഞോ എന്നറിയപ്പെടുന്ന എസ്റ്റവായോ വില്യനെ കൊണ്ടുവരാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. 16 വയസ്സ് മാത്രമുള്ള ഈ മുന്നേറ്റ നിര താരത്തിന് വേണ്ടി ഇതിനോടകം തന്നെ 50 മില്യൺ യൂറോ വരെ പിഎസ്ജി ഓഫർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ പാൽമിറാസ് താരത്തെ വിട്ടു നൽകാൻ തയ്യാറായിട്ടില്ല.

അതായത് 60 മില്യൺ യൂറോ ലഭിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ പാൽമിറാസ് ഉള്ളത്.പിഎസ്ജിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് മറ്റു പല ക്ലബ്ബുകളും താരത്തിനു വേണ്ടി രംഗത്തുണ്ട്.ബാഴ്സലോണ,മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി,ചെൽസി എന്നിവരൊക്കെ ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.18 വയസ്സ് പൂർത്തിയായി 2025ൽ മാത്രമാണ് അദ്ദേഹം യൂറോപ്പിലേക്ക് എത്തുക. ഏതായാലും വില്യനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ രണ്ട് ബ്രസീലിയൻ യുവ പ്രതിഭകൾ കൂടി പിഎസ്ജിയിൽ എത്തും എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കൊറിന്ത്യൻസിന്റെ മധ്യനിര താരമായ ഗബ്രിയേൽ മോസ്കാർഡോ പിഎസ്ജിയിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്. ആകെ 25 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിക്കുക.ഇക്കാര്യം ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ബ്രസീലിയൻ ഡിഫൻഡർ ആയ ലുകാസ് ലോപ്പസ് ബെറാൾഡോയും പിഎസ്ജിയിലേക്ക് തന്നെയാണ് വരുന്നത്.പാൽമിറാസിൽ നിന്നാണ് ഫ്രഞ്ച് ക്ലബ്ബ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.ഈ രണ്ടു താരങ്ങളുടെയും ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ അധികം വൈകാതെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം വില്യനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിഎസ്ജിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *