അൽ ഹിലാലിന് പുറമേ മെസ്സിക്ക് ഭീമൻ ഓഫർ നൽകാൻ അൽ ഇത്തിഹാദും രംഗത്ത്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചതിലൂടെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. ഇതോടെ ഫുട്ബോൾ ലോകത്ത് പ്രധാനപ്പെട്ട ചർച്ചാവിഷയമായി സൗദി അറേബ്യൻ ലീഗിനും സൗദി അറേബ്യൻ ക്ലബ്ബുകൾക്കും സാധിച്ചിരുന്നു. ഒരുപാട് സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ അൽ നസ്ർ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചതിന് പിന്നാലെ ലയണൽ മെസ്സിയെയും എത്തിക്കാനുള്ള ആഗ്രഹം സൗദി അറേബ്യൻ ക്ലബ്ബുകൾ പ്രകടിപ്പിച്ചിരുന്നു.അൽ നസ്‌റിന്റെ എതിരാളികളായ അൽ ഹിലാൽ ഏകദേശം 300 മില്യൺ യൂറോയോളം സാലറി വരുന്ന ഒരു ഓഫർ മെസ്സിക്ക് നൽകിയിരുന്നു എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു വാർത്ത കൂടി ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് സൗദി അറേബ്യയിലെ മറ്റൊരു ക്ലബ്ബായ അൽ ഇത്തിഹാദിനും ലയണൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ഒരു ഭീമൻ ഓഫർ മെസ്സിക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ഇവർ ഉള്ളത്. 350 മില്യൺ യൂറോയോളം സാലറി ഇവർ മെസ്സിക്ക് വാഗ്ദാനം ചെയ്തേക്കുമെന്നാണ് മാർക്ക അവകാശപ്പെടുന്നത്. ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി സൗദി അറേബ്യൻ ക്ലബ്ബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും ശ്രമിക്കുന്നുണ്ട് എന്നുള്ളത് ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടും റിപ്പോർട്ട് ചെയ്തിരുന്നു.

പക്ഷേ ലയണൽ മെസ്സി ഈ ഓഫറുകൾ ഒന്നും തന്നെ പരിഗണിക്കുന്നില്ല എന്നാണ് പ്രമുഖ അർജന്റീന ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യക്ക് പുറമേ അമേരിക്കയിൽ നിന്നും മെസ്സിക്ക് ഓഫറുകൾ ഉണ്ട്.പക്ഷേ യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.പിഎസ്ജിയുമായി ഉടൻതന്നെ പുതിയ കരാറിൽ മെസ്സി ഒപ്പ് വച്ചേക്കും. നിലവിലെ കരാർ ഒരു വർഷത്തേക്ക് കൂടിയായിരിക്കും ലയണൽ മെസ്സി നീട്ടുക.

Leave a Reply

Your email address will not be published. Required fields are marked *