അൽ നസ്സ്റിൽ ചേർന്നതിനുശേഷമുള്ള ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.2025 വരെയുള്ള ഒരു കരാറിലാണ് റൊണാൾഡോ ഇപ്പോൾ സൈൻ ചെയ്തിരിക്കുന്നത്.ലോക ഫുട്ബോളിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാലറിയാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബ് റൊണാൾഡോ നൽകുക. 200 മില്യൻ യൂറോ എന്ന ഭീമമായ തുക സാലറി ഇനത്തിൽ സ്വന്തമാക്കാൻ റൊണാൾഡോക്ക് സാധിച്ചേക്കും.

യൂറോപ്പ് വിട്ട് സൗദിയിൽ എത്തിയതിന് പിന്നാലെ റൊണാൾഡോ തന്റെ ആദ്യ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.താൻ ഏറെ ത്രില്ലിലാണ് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. കിരീടങ്ങൾ നേടാൻ വേണ്ടി സഹതാരങ്ങളോടൊപ്പം ചേർന്നുകൊണ്ട് ടീമിനെ സഹായിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എബോല റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഏറെ ത്രില്ലിലാണ്. പുതിയ ഒരു രാജ്യത്ത് പുതിയ ഒരു ലീഗിൽ എനിക്ക് പുതിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടാവുന്നതിനെയാണ് ഞാൻ നോക്കി കാണുന്നത്.അൽ നസ്സ്ർ ക്ലബ്ബിന്റെ കാഴ്ചപ്പാട് എനിക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. എന്റെ സഹതാരങ്ങളോടൊപ്പം ചേരാനും അവരെ സഹായിച്ചുകൊണ്ട് ടീമിനെ കിരീടങ്ങൾ നേടിക്കൊടുക്കാനുമൊക്കെ ഞാൻ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്നു ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ പ്രതികരണം.

നിലവിൽ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്സ്ർ ഉള്ളത്.ഒന്നാം സ്ഥാനത്ത് അൽഷബാബ് ആണ് നിലകൊള്ളുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ ഖലീജാണ് നസ്സ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *