അയാക്സിന്റെ പ്രതിരോധനിര താരം ബാഴ്‌സയിലേക്ക് തന്നെ !

ദിവസങ്ങൾക്ക് മുമ്പാണ് എഫ്സി ബാഴ്സലോണയുടെ റൈറ്റ് ബാക്ക് നെൽസൺ സെമെഡോ ക്ലബ് വിട്ട് വോൾവ്‌സിലേക്ക് ചേക്കേറിയത്. മുപ്പത് മില്യൺ യുറോക്കായിരുന്നു താരത്തെ വോൾവ്‌സ് റാഞ്ചിയത്. ഇപ്പോഴിതാ താരത്തിന് പകരക്കാരനായി മറ്റൊരു താരം ബാഴ്സയിലേക്ക് എത്തുകയാണ്. അയാക്സിന്റെ അമേരിക്കൻ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് ബാഴ്സയിലേക്ക് തന്നെയാണെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. ഇരുടീമുകളും തമ്മിൽ അനൗദ്യോഗികകരാറിൽ എത്തിയ പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ അറിയിച്ചിട്ടുണ്ട്. 23 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി ബാഴ്സ നൽകുക. അഞ്ച് വർഷത്തെ കരാറിലായിരിക്കും ഈ യുവതാരം ഒപ്പുവെക്കുക. താൻ ബാഴ്‌സയിലേക്ക് പോവുകയാണെന്ന് സെർജിനോ ഡെസ്റ്റ് കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. താരം തന്നെയാണ് ബാഴ്സയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

താരത്തിന് വേണ്ടി ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ താരം ബാഴ്‌സയെ തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത ആഴ്ച്ചക്കകം താരം ബാഴ്സയിൽ എത്തിയേക്കും. ഇന്നലെ നടന്ന അയാക്സിന്റെ മത്സരത്തിൽ നിന്നും താരം വിട്ടു നിന്നിരുന്നു. ട്രാൻസ്ഫറിന് മുമ്പ് ഇഞ്ചുറികൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ യുവതാരം ടീമിൽ നിന്നും വിട്ടുനിന്നത്. ബാഴ്സയിൽ കളിക്കാനാണ് താല്പര്യം എന്ന് താരം അയാക്സിനെ അറിയിക്കുകയായിരുന്നു. പത്തൊൻപതുകാരനായ താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. താരത്തിന്റെ വരവ് പ്രതിരോധനിരക്ക് ശക്തി പകരും എന്നാണ് കൂമാൻ കരുതുന്നത്. പെഡ്രി, ട്രിൻകാവോ, പ്യാനിക്ക് എന്നിവർ മാത്രമാണ് ഈ സീസണിൽ ബാഴ്‌സയോടൊപ്പം ചേർന്ന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *