അഭ്യൂഹങ്ങൾക്ക് വിട,ഇത് ചരിത്രം,ക്രിസ്റ്റ്യാനോ ഇനി അൽ നസ്സ്റിന്റെ മഞ്ഞ കുപ്പായത്തിൽ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി സൗദി അറേബ്യൻ ലീഗിൽ കാണാൻ സാധിക്കും. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട റൂമറുകൾ മുമ്പ് തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് അൽ നസ്സ്ർ റൊണാൾഡോയെ സൈൻ ചെയ്ത വിവരം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.

നേരത്തെ തന്നെ ഇവർ റൊണാൾഡോക്ക് ഒരു വലിയ ഓഫർ മുന്നോട്ടുവച്ചിരുന്നു.ആ ഓഫർ റൊണാൾഡോ സ്വീകരിക്കുകയായിരുന്നു.രണ്ടര വർഷത്തെ കരാറിലാണ് റൊണാൾഡോ ഇപ്പോൾ ഒപ്പു വച്ചിരിക്കുന്നത്.അതായത് 2025 വരെ റൊണാൾഡോയെ നമുക്ക് സൗദി അറേബ്യയിൽ കാണാൻ കഴിയും. 200 മില്യൺ യൂറോ എന്ന വമ്പൻ തുകയാണ് റൊണാൾഡോക്ക് ഒരു വർഷത്തെ സാലറിയായി കൊണ്ട് ലഭിക്കുക. ഫുട്ബോൾ ലോകത്ത് ഇതൊരു പുതിയ ചരിത്രമാണ്.

എന്തെന്നാൽ ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന എക്കാലത്തെയും മികച്ച സാലറിയാണ് ഇപ്പോൾ റൊണാൾഡോക്ക് അൽ നസ്സ്റിൽ നിന്നും ലഭിക്കുക. റൊണാൾഡോക്ക് സ്വാഗതം പറഞ്ഞുകൊണ്ട് അൽ നസ്സ്ർ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെയും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.ഈ സൈനിങ് തന്നെ തങ്ങൾക്ക് ഒരു നേട്ടമാണ് എന്നാണ് അൽ നസ്സ്ർ കുറിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയായിരുന്നു ഇതുവരെ റൊണാൾഡോ കളിച്ചിരുന്നത്. എന്നാൽ വേൾഡ് കപ്പിന് മുന്നേ റൊണാൾഡോയുടെ ഒരു വിവാദ ഇന്റർവ്യൂ പുറത്തിറങ്ങി.അതിൽ യുണൈറ്റഡിനെതിരെ താരം വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെ താരത്തിന്റെ കരാർ റദ്ദാക്കാൻ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഫ്രീ ഏജന്റ് ആയി കൊണ്ടാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ സൗദിയിൽ എത്തുന്നത്.വിൻസന്റ് അബൂബക്കർ, ഡേവിഡ് ഒസ്‌പിന, പിറ്റി മാർട്ടിനസ്, ഗുസ്താവോ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ ഉള്ള ക്ലബ്ബ് കൂടിയാണ് അൽ നസ്സ്ർ.

Leave a Reply

Your email address will not be published. Required fields are marked *