അഗ്വേറോയുടെ സ്ഥാനത്തേക്ക് അർജന്റൈൻ സൂപ്പർ സ്ട്രൈക്കറെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി!
സൂപ്പർ താരം സെർജിയോ അഗ്വേറോ ടീം വിട്ടതിന് ശേഷം ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചു പോരുന്നുണ്ട്.കഴിഞ്ഞ സമ്മറിൽ ടോട്ടൻഹാമിന്റെ ഹാരി കെയ്നിന് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അത് ഫലം കണ്ടിരുന്നില്ല.നിലവിൽ എർലിംഗ് ഹാലണ്ടിന് വേണ്ടി സിറ്റി ശ്രമങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ അഗ്വേറോയുടെ സ്ഥാനത്തേക്ക് മറ്റൊരു അർജന്റൈൻ താരത്തെ തന്നെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുള്ളത്.റിവർപ്ലേറ്റിന്റെ സൂപ്പർ താരമായ ജൂലിയൻ ആൽവരസിനെയാണ് ഇപ്പോൾ സിറ്റി നോട്ടമിട്ടിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) January 22, 2022
പതിനേഴ് മില്യൺ യുറോയാണ് ഈ 21-കാരനായ താരത്തിന്റെ റിലീസ് ക്ലോസ്.ഇത് നൽകി കൊണ്ട് താരത്തെ സ്വന്തമാക്കാം എന്നാണ് നിലവിൽ സിറ്റിയുടെ പദ്ധതി.പക്ഷെ റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച ക്ലബ്ബുകളാണ്.
റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ താരം രണ്ട് വർഷക്കാലം ചിലവഴിച്ചിരുന്നു.അന്ന് താരത്തെ നിലനിർത്താൻ റയലിന് സാധിക്കാതെ പോവുകയായിരുന്നു.പിന്നീട് 2018-ൽ റിവർപ്ലേറ്റിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 96 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്. മുന്നേറ്റനിരയിൽ ഏത് പൊസിഷനിലും കളിക്കാൻ ജൂലിയൻ ആൽവരസിന് സാധിക്കും.
അർജന്റീനക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.കോപ അമേരിക്ക,വേൾഡ് കപ്പ് യോഗ്യത എന്നിവയിലായി ആകെ അഞ്ച് മത്സരങ്ങളാണ് ആൽവരസ് അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ളത്.