ഹാലണ്ടിന് വേണ്ടി മാഞ്ചസ്റ്റർ ക്ലബുകളും, രംഗം സജീവമാകുന്നു !

ഫുട്ബോൾ ലോകത്തെ തന്റെ ഗോളടി മികവ് കൊണ്ടു വിസ്മയിപ്പിച്ച താരമാണ് എർലിങ് ഹാലണ്ട്. ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ ശേഷം താരം ഗോൾ മഴ പെയ്യിക്കുകയാണ്. കേവലം ഇരുപത്തിയാറു മത്സരങ്ങളിൽ സ്റ്റാർട്ട്‌ ചെയ്ത താരം മുപ്പത്തിമൂന്ന് ഗോളുകളാണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി നിരവധി ക്ലബുകൾ താരത്തെ റാഞ്ചാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ പേരാണ് ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്നത്. 2022-ലെ ട്രാൻസ്ഫർ ജാലകത്തിലെങ്കിലും താരത്തെ സ്വന്തമാക്കണം എന്നാണ് റയലിന്റെ മോഹം. കൂടാതെ ബാഴ്‌സയും രംഗത്ത് വന്നിരുന്നു. നിലവിൽ ബാഴ്‌സയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളിൽ ചിലർ ഹാലണ്ടിനെ ബാഴ്സയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ അഭ്യൂഹങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ രണ്ട് വമ്പൻ ക്ലബുകൾ കൂടി രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പ്രീമിയർ ലീഗിലെ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയുമാണ് രംഗത്ത് വന്നിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ് മെയിൽ ആണ് ഈ വാർത്തയുടെ ഉറവിടം. സെർജിയോ അഗ്വേറൊയുടെ പകരക്കാരനായിട്ടാണ് സിറ്റി ഹാലണ്ടിനെ ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ സീസണോട് കൂടി അഗ്വേറൊയുടെ കരാർ അവസാനിക്കും. അതേസമയം നല്ലൊരു സ്‌ട്രൈക്കറുടെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്. ആ സ്ഥാനത്തേക്കാണ് ഹാലണ്ടിനെ പരിഗണിക്കപ്പെടുന്നത്. ഏതായാലും ഇരു ക്ലബുകൾക്കും കാര്യങ്ങൾ എളുപ്പമാവില്ല എന്നുറപ്പാണ്. താരത്തെ ബൊറൂസിയ വിൽക്കുമോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. അതിന് ശേഷം വമ്പൻ ക്ലബുകളുടെ വെല്ലുവിളി അതിജീവിക്കുക എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *