അവസരം നൽകിയില്ല, സ്പോർട്സ് ഡയറക്ടറോട് വഴക്കിട്ട് പൌലോ ദിബാല !

കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ ക്രോട്ടോണക്കെതിരെ കരുത്തരായ യുവന്റസ് സമനില വഴങ്ങിയിരുന്നു. അൽവാരോ മൊറാറ്റയായിരുന്നു മത്സരത്തിൽ യുവന്റസിന് വേണ്ടി വലചലിപ്പിച്ചത്. ദുർബലരായ ക്രോട്ടോണക്കെതിരെ വിജയം നേടാൻ കഴിയാതെ പോയത് യുവന്റസിന്റെ പോരായ്മയാണ് എന്നാണ് പലരുടെയും വിലയിരുത്തൽ. എന്തൊക്കെയായാലും മത്സരത്തിൽ ഏറ്റവും ശ്രദ്ദേയമായ കാര്യം സൂപ്പർ താരം ദിബാലയുടെ അഭാവമായിരുന്നു. പരിക്കിൽ നിന്നും മുക്തനായ താരം മത്സരത്തിന് വേണ്ടി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.എന്നാൽ താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല എന്ന് മാത്രമല്ല, പകരകാരനായിട്ട് പോലും താരത്തെ ഇറക്കിയതുമില്ല. ഇതോടെ താരം തീർത്തും അസംതൃപ്തനായതായാണ് വാർത്തകൾ. മത്സരത്തിന് ശേഷം താരം ലോക്കർ റൂമിൽ വെച്ച് യുവന്റസ് സ്പോർട്സ് ഡയറക്ടറായ ഫാബിയോ പരാട്ടിസിയോട് വഴക്കിടുകയും ചെയ്തു.

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മത്സരത്തിൽ തന്നെ ഇറക്കാത്തതിലും ക്ലബ്ബിന്റെ മോശം പ്രകടനത്തിലും താരം നിരാശനാണ് എന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഫലമായി ലോക്കർ റൂമിൽ ഫാബിയോയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും വഴക്കിടുകയും ചെയ്തു എന്നാണ് ഇവരുടെ വാദം. താരം അസംതൃപ്തനാണ് എന്നുള്ളത് പിന്നീട് വ്യക്തമായതാണ്. താരത്തെ ഇറക്കാത്തതിൽ യുവന്റസിനെ വിമർശിക്കുന്ന ഒരു പോസ്റ്റിന് താരം ട്വിറ്റെറിൽ ലൈക്‌ ചെയ്തിരുന്നു.പിന്നീട് അത് പിൻവലിച്ചുവെങ്കിലും അതും വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താരം യുവന്റസിൽ സന്തുഷ്ടനല്ല എന്ന് തന്നെയാണ് അർജന്റൈൻ മാധ്യമായ ടിഎൻടി സ്പോർട്സും റിപ്പോർട്ട്‌ ചെയ്യുന്നത്. കൂടാതെ താരത്തെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് താല്പര്യമുണ്ട്. താരം യുവന്റസ് വിടാൻ തീരുമാനിച്ചാൽ ചെൽസി അടുത്ത വർഷം ഓഫറുമായി സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *