Official: ബാഴ്സ സെറ്റിയെനെ പുറത്താക്കി
FC ബാഴ്സലോണയുടെ പരിശീലകൻ ക്വീക്കെ സെറ്റിയെനെ തത്സ്ഥാനത്ത് നിന്നും നീക്കിയതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ നടന്ന ബാഴ്സയുടെ ബോർഡ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. ക്ലബ്ബിൽ നടപ്പിൽ വരുത്താൻ പോകുന്ന വൻ അഴിച്ചുപണിയുടെ ആദ്യ പടിയാണിത്. ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് 8-2ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷം ചില സുപ്രധാന തീരുമാനങ്ങൾ ഉടൻ എടുക്കുമെന്ന് ക്ലബ്ബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു പറഞ്ഞിരുന്നു. ആ തീരുമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
❗ Quique Setién no longer first team coach.
— FC Barcelona (@FCBarcelona) August 17, 2020
The new coach will be announced in the coming days as part of a wide ranging restructuring of the first team.
ഈ വർഷം ജനുവരിയിൽ ബാഴ്സ സ്പാനിഷ് സൂപ്പർ കപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഏണെസ്സ്റ്റോ വാൽവെർദെയെ മാറ്റി സെറ്റിയെനെ പരിശീലകനാക്കി നിയമിച്ചത്. സെറ്റിയെൻ്റെ കീഴിൽ 25 മത്സരങ്ങളാണ് ബാഴ്സലോണ കളിച്ചത്. 19 ലാ ലിഗ മത്സരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും മൂന്ന് കോപ്പ ഡെൽ റേ മത്സരങ്ങളും. ഇതിൽ 16 മത്സരങ്ങൾ വിജയിച്ച അവർ 5 എണ്ണത്തിൽ പരാജയപ്പെട്ടു. 4 മത്സരങ്ങൾ സമനിലയായി. ബാഴ്സയുടെ പുതിയ പരിശീലകനായി റൊണാൾഡ് കൂമാൻ എത്തുമെന്നാണ് പറയപ്പെടുന്നത്. പുതിയ കോച്ച് ആരാണെന്ന പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാവും.