CR7: ഇത് പ്രായം കൂടുന്തോറും വീര്യം കൂടുന്ന ഐറ്റം

വീഡിയോ റിപ്പോർട്ട് കാണാൻ വീഡിയോ പ്ലേ ചെയ്യൂ

35 വയസ്സായി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. പക്ഷേ ഇപ്പോഴും 25 വയസ്സുകാരെക്കാൾ മികവിൽ അദ്ദേഹം കളിക്കളത്തിൽ നിറഞ്ഞാടുന്നു. ഈ സീസണിൽ ഇതുവരെ 28 ലീഗ് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. 29 ഗോളുകൾ നേടിയ സിറോ ഇമ്മൊബിലെ മാത്രമാണ് സീരി Aയിൽ അദ്ദേഹത്തിന് മുന്നിലുള്ളത്. ബുണ്ടസ്ലിഗയിൽ 34 ഗോളുകൾ നേടിയിട്ടുള്ള റോബർട്ട് ലെവെൻ്റോസ്കിയാണ് നിലവിൽ യൂറോപ്യൻ ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ മുന്നിലുള്ളത്. ബുണ്ടസ്ലിഗ മത്സരങ്ങൾ അവസാനിക്കുകയും സീരി Aയിൽ ഇനിയും 6 റൗണ്ട് മത്സരങ്ങൾ അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ CR7ന് ഇത്തവണ യൂറോപ്യൻ ഗോൾഡൻ ഷൂ നേടുക എന്നത് അപ്രാപ്യമായ കാര്യമല്ല, പ്രത്യേകിച്ച് ലോക്ക്ഡൗണിന് ശേഷം ഇമ്മൊബിലെയുടെ ഫോം നഷ്ടമായ സ്ഥിതിക്ക്!

2020ൽ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്. ഈ വർഷം ഇതുവരെ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നുമായി 20 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. 21 ഗോളുകൾ നേടിയ ലെവെൻ്റോസ്കി മാത്രമാണ് ഈ വർഷം ക്രിസ്റ്റ്യാനോയെക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്. ഈ വർഷത്തിൻ്റെ തുടക്കത്തിൽ തുടർച്ചയായി 11 സീരി A മത്സരങ്ങളിൽ ഗോളുകൾ നേടിക്കൊണ്ട് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഫാബിയോ ക്വോഗ്ളിയാറെല്ല എന്നിവരുടെ റെക്കോർഡിനൊപ്പവും CR7 എത്തിയിരുന്നു. പോസ്റ്റ് കോവിഡ് ടൈമിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. ഇപ്പോൾ തുടർച്ചയായ 6 ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്ത് മുന്നോട്ട് കുതിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം.

2018ൽ യുവെൻ്റസിലെത്തിയ ക്രിസ്റ്റ്യാനോ ഇതിനോടകം ക്ലബിനു വേണ്ടി 83 മത്സരങ്ങളിൽ 60 ഗോളുകൾ നേടിക്കഴിഞ്ഞു. അതുവഴി ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച 25 സ്കോറർമാരുടെ ലിസ്റ്റിൽ വെറും 2 സീസൺ കൊണ്ട് അദ്ദേഹം ഇടം പിടിച്ചു. യുവെൻ്റസിലെത്തിയ ശേഷം ഇക്കാലയളവിൽ മറ്റാരും അദ്ദേഹത്തെക്കാൾ കൂടുതൽ ഗോളുകൾ സിരി Aയിൽ നേടിയിട്ടില്ല എന്നതും ശ്രദ്ദേയമാണ്. CR7 യുവെൻ്റസിലെത്തിയ ശേഷം ഇതുവരെ സീരി Aയി 49 ഗോളുകൾ നേടിക്കഴിഞ്ഞു. ഇക്കാലയളവിൽ സിറോ ഇമ്മൊബിലെ 44 ഗോളുകളും ദുവാൻ സപാറ്റ 38 ഗോളുകളും ഫാബിയോ ക്വോഗ്ളിയാറല്ല 35 ഗോളുകളുമാണ് സീരി A യിൽ നേടിയത്. ഈ കണക്കുകളെല്ലാം കാണിക്കുന്നത് പ്രായമാവുമ്പോഴും CR7ൻ്റെ മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *