സ്ലാറ്റന്റെ പതിനൊന്നാം നമ്പർ ജേഴ്സി എടുത്തതിന്റെ കാരണം വ്യക്തമാക്കി പുലിസിച്ച്.

ചെൽസിയുടെ അമേരിക്കൻ സൂപ്പർതാരമായ ക്രിസ്ത്യൻ പുലിസിച്ച് ഇറ്റാലിയൻ വമ്പൻമാരായ AC മിലാനിലേക്ക് ചേക്കേറിയിട്ടുണ്ട്.കഴിഞ്ഞ സീസൺ ഈ അമേരിക്കൻ താരത്തെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായിരുന്നു. പ്രീമിയർ ലീഗിൽ കേവലം 8 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം തീരുമാനിച്ചത്.AC മിലാനിൽ പതിനൊന്നാം നമ്പർ ജേഴ്സിയാണ് പുലിസിച്ച് അണിയുക.

AC മിലാൻ ഇതിഹാസമായ സ്ലാറ്റൺ ഇബ്രാഹിമോവിച്ച് ധരിച്ചിരുന്ന ജേഴ്സിയാണ് പതിനൊന്നാം നമ്പർ ജേഴ്സി. അദ്ദേഹം ഇപ്പോൾ ക്ലബ്ബിനോടും ഫുട്ബോളിനോടും വിട പറഞ്ഞിട്ടുണ്ട്. ഏതായാലും എന്തുകൊണ്ടാണ് ഈ ജേഴ്സി തിരഞ്ഞെടുത്തത് എന്നുള്ളത് പുലിസിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ലാറ്റനെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.പുലിസിച്ചിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ജേഴ്സിയാണ് പതിനൊന്നാം നമ്പർ ജേഴ്സി. ഇതിഹാസമായ സ്ലാറ്റൺ അണിഞ്ഞ ജേഴ്സിയാണ് ഇതെന്ന് എനിക്കറിയാം.എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഫന്റാസ്റ്റിക് ആയിട്ടുള്ള അവസരമാണ്. ഞാൻ ഒരിക്കലും സ്ലാറ്റനുമായി താരതമ്യം ചെയ്യുന്നില്ല,അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭാവം നികത്താൻ വന്നതുമല്ല.അദ്ദേഹം ഒരു ഗ്രേറ്റ് ചാമ്പ്യനാണ്.ഈ പതിനൊന്നാം നമ്പർ ജേഴ്സി ഇവിടെ ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഞാൻ തിരഞ്ഞെടുത്തു. വളരെയധികം മികച്ച ഒരു മുന്നേറ്റ നിര ഇവിടെയുണ്ട്. ഒരുപാട് ടാലന്റ് ഉള്ള താരങ്ങളാണ് ഈ ക്ലബ്ബിൽ ഉള്ളത് ” ഇതാണ് പുലിസിച്ച് പറഞ്ഞിട്ടുള്ളത്.

ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നായിരുന്നു പുലിസിച്ച് ചെൽസിയിൽ എത്തിയിരുന്നത്.2015 മുതൽ 2019 വരെയായിരുന്നു അദ്ദേഹം ജർമ്മനിയിൽ ചിലവഴിച്ചിരുന്നത്. അതേസമയം അമേരിക്കയുടെ ദേശീയ ടീമിന് വേണ്ടി 60 മത്സരങ്ങൾ കളിച്ച ഈ താരം 25 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *