സ്ലാട്ടൻ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ ഉണ്ടാക്കിയിട്ടില്ല, മുൻ യുവന്റസ് പരിശീലകൻ പറയുന്നു !

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റലിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ യുവന്റസ് പരിശീലകൻ.മുൻ യുവന്റസ്-എസി മിലാൻ പരിശീലകനായ സക്കെറോനിയാണ് ഇത് അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ദിവസം ജിയോനലെ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് എന്ത്‌കൊണ്ടാണ് ബാലൺ ഡിയോർ കിട്ടാത്തത് എന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സിരി എയിൽ എസി മിലാനിലാണ് ഇബ്രാഹിമോവിച്ച്. മറുഭാഗത്ത് യുവന്റസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തുതട്ടുന്നത്. മുപ്പത്തിയൊമ്പതുകാരനായ സ്ലാട്ടൻ കഴിഞ്ഞ ജനുവരിയിലാണ് എസി മിലാനിൽ തിരിച്ചെത്തിയത്. തുടർന്ന് കഴിഞ്ഞ സീസണിൽ ഇരുപത് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ഗോളുകളാണ് താരം നേടിയത്. ഈ സിരി എയിൽ കേവലം രണ്ട് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളാണ് താരം നേടിയത്. അതേ സമയം ക്രിസ്റ്റ്യാനോ സിരി എയിൽ എത്തിയതൊന്നും താരത്തെ ബാധിച്ചിട്ടില്ല. എല്ലാ കോമ്പിറ്റീഷനുകളിലുമായി 91 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ താരം നേടിക്കഴിഞ്ഞു.

” ഞാൻ എന്റെ കരിയറിൽ ഒരുപാട് മികച്ച താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒലിവർ ബൈർഹോഫ്, ജോർജ് വേ, അഡ്രിയാനോ എന്നിവരെയെല്ലാം ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ദുഃഖം തോന്നിയ ഏകകാര്യം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞില്ല എന്നുള്ളതിലാണ്. അനശ്വരമായ ഒരു താരമാണ് അദ്ദേഹം. അദ്ദേഹത്തിന് എന്ത്‌കൊണ്ടാണ് ബാലൺ ഡിയോർ ലഭിക്കാത്തത് എന്നെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. റൊണാൾഡോയേക്കാൾ കൂടുതൽ ബാലൻസ് കണ്ടെത്താൻ സാധിച്ചത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചനാണ്. ഇബ്രയുടെ വരവോടു കൂടി ഒരുപാട് യുവതാരങ്ങൾ വളർന്നു വരുന്നുണ്ട് എന്നുള്ളത് യാദൃശ്ചികമായ മാറ്റമല്ല. അദ്ദേഹം ഗോളുകൾ നേടുക മാത്രമല്ല ചെയ്യുന്നത്. തന്റെ സഹതാരങ്ങൾക്കെല്ലാം അദ്ദേഹം ആത്മവിശ്വാസം പകർന്നു നൽകുന്നു. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ അദ്ദേഹം തന്റെ ടീമിനെ സ്വന്തം ചുമലിലേറ്റുന്നു ” സക്കെറേനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *