സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങി യുവന്റസ്!
സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് അട്ടിമറി തോൽവി. ഉഡിനെസിനോടാണ് ക്രിസ്റ്റ്യാനോയും കൂട്ടരും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ഉഡിനസിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് യുവന്റസ് പരാജയം രുചിച്ചത്. ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ യുവന്റസിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ അടിച്ചു കൂട്ടി ഉഡിനെസ് ഞെട്ടിക്കുകയായിരുന്നു. ഇതോടെ രണ്ടാം സ്ഥാനക്കാരുമായുള്ള അകലം ആറായി കുറഞ്ഞു. 35 റൗണ്ട് മത്സങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിന് എൺപത് പോയിന്റും അറ്റലാന്റക്ക് 74 പോയിന്റുമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല എന്നീ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് സാറി ആദ്യഇലവൻ പുറത്തു വിട്ടത്. എന്നാൽ മത്സരത്തിന്റെ 42-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു യുവന്റസിന് ഗോൾ നേടാൻ. പ്രതിരോധനിര താരം ഡിലൈറ്റ് ആണ് ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 52-ആം മിനുട്ടിൽ കെൻ സെമയുടെ ക്രോസിൽ നിന്ന് ഒരു പറക്കും ഹെഡറിലൂടെ നെസ്റ്റോറൊവ്സ്കി ഉഡിനെസിന് സമനില നേടിക്കൊടുത്തു. ഇഞ്ചുറി ടൈമിലാണ് യുവന്റസിന്റെ പരാജയത്തിന് കാരണമായ ഗോൾ വഴങ്ങേണ്ടി വന്നത്. സെക്കോ ഫൊഫാന ഒറ്റക്ക് മുന്നേറി യുവന്റസ് പ്രതിരോധനിരയെയും ഗോൾ കീപ്പറെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.