സിരി എ പുനരാംഭിക്കുന്നു, വിദേശത്തുള്ള താരങ്ങളെ തിരിച്ചു വിളിച്ച് യുവന്റസ്
കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച സിരി പുനരാരംഭിക്കുന്നു. ഇതിന് മുന്നോടിയായി മെയ് നാല് മുതൽ അതായത് ഇന്ന് മുതൽ പരിശീലനം തുടങ്ങാൻ അധികൃതർ ക്ലബുകൾക്ക് അനുമതി നൽകിയിരുന്നു. ഇത് പ്രകാരം റോമ, നാപോളി, ഇന്റർമിലാൻ, സാസുവോളോ എന്നിവർ ഇന്ന് മുതൽ പരിശീലനം ആരംഭിച്ചു. വൈകാതെ യുവന്റസും പരിശീലനം ആരംഭിക്കും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള താരങ്ങൾ തങ്ങളുടെ സ്വന്തം നാട്ടിലായത് യുവന്റസിന്റെ പരിശീലനം വൈകിപ്പിക്കുന്നുണ്ട്. നിലവിൽ പരിശീലനം ആരംഭിച്ച ടീമുകളിലെ താരങ്ങൾ ഒറ്റക്കൊറ്റക്കാണ് പരിശീലനം നടത്തുന്നത്. ഫുൾ ടീം ട്രെയിനിങ് മെയ് പതിനെട്ടിന് ശേഷം മാത്രമേ അനുവദിക്കുകയൊള്ളൂ. ഇതുകൂടാതെ ഗവണ്മെന്റിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.
അതേ സമയം തങ്ങളുടെ വിദേശത്തുള്ള താരങ്ങളെ യുവന്റസ് തിരികെ വിളിച്ചിട്ടുണ്ട്. ഗോൺസാലോ ഹിഗ്വയ്ൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ, സെമി ഖെദീര, ഡഗ്ലസ് കോസ്റ്റ, Wojciech Szczesny എന്നിവരാണ് നിലവിൽ സ്വന്തം നാട്ടിൽ ചിലവഴിക്കുന്ന യുവന്റസ് താരങ്ങൾ. ഇവരോട് എത്രയ് പെട്ടന്ന് ട്യൂറിനിൽ റിപ്പോർട്ട് ചെയ്യാൻ ക്ലബ് ആവിശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പതിനാല് ദിവസം സെൽഫ് ഐസൊലേഷനിൽ കിടന്നതിന് ശേഷം മാത്രമേ ഇവർക്ക് ക്ലബിനോടൊപ്പം ചേരാൻ സാധിക്കുകയൊള്ളു. കോവിഡ് സ്ഥിരീകരിച്ച താരങ്ങളായ ദിബാല, റുഗാനി, മറ്റിയൂഡി എന്നിവർ രോഗത്തിൽ പൂർണ്ണമായും മുക്തരായതിന് ശേഷം മാത്രമേ ക്ലബിനോടൊപ്പം ചേരുകയൊള്ളൂ.