സിരി എ ടോപ് സ്‌കോറർക്ക് വേണ്ടി കടുത്ത പോരാട്ടം, അറുപത് വർഷത്തിൽ ഇതാദ്യം!
മുൻപെങ്ങുമില്ലാത്ത വിധമാണിപ്പോൾ സിരി എ യിലെ ടോപ് സ്കോറെർക്ക് വേണ്ടിയുള്ള പോരാട്ടം മുറുകുന്നത്. അറുപത് വർഷത്തിന് ഇതാദ്യമായാണ് ഇത്രയും കടുത്ത രീതിയിൽ പോരാട്ടം അരങ്ങേറുന്നത്. ഈ സീസണിൽ യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാസിയോ സൂപ്പർ താരം സിറോ ഇമ്മൊബിലെയുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്. നിലവിൽ ഇരുപത്തിയൊമ്പത് ഗോളുകളുമായി ഇമ്മൊബിലെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം ഇരുപത്തിയെട്ട് ഗോളുകളുമായി ക്രിസ്റ്റ്യാനോ തൊട്ട് പിറകിൽ തന്നെയുണ്ട്. എന്നാൽ സിരി എ പുനരാരംഭിച്ച ശേഷം പഴയ രീതിയിൽ ഗോൾ നേടാൻ ഇമ്മൊബിലെക്ക് സാധിച്ചിട്ടില്ല. അവസാനആറു മത്സരത്തിൽ കേവലം രണ്ട് ഗോളുകൾ മാത്രമാണ് ഇമ്മൊബിലെക്ക് സാധിച്ചത്. മറുഭാഗത്ത് ക്രിസ്റ്റ്യാനോയാവട്ടെ തകർപ്പൻ ഫോമിലുമാണ്. അവസാനമൂന്ന് മത്സരങ്ങളിൽ നാല് ഗോളുകൾ ക്രിസ്റ്റ്യാനോ നേടികഴിഞ്ഞു.
അറുപത് വർഷങ്ങൾക്ക് മുൻപായിരുന്നു ഇതിന് മുൻപ് ഇഞ്ചോടിഞ്ച് പോരാട്ടം സിരി എയിൽ നടന്നത്. മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്ഥ താരങ്ങൾ ഇരുപത്തിയെട്ട് ഗോളുകൾ വീതം നേടിയത് ഇതിന് മുൻപ് 1950-കളിൽ ആയിരുന്നു. 1950-51 സീസണിൽ ഇന്റർ മിലാൻ താരം ഇസ്വാൻ നിയേഴ്‌സും മിലാൻ താരം ഗുണ്ണാർ നോർദാലും ആയിരുന്നു ഇതിന് മുൻപ് ഇരുപത്തിയെട്ട് ഗോളുകൾ ഒരുമിച്ച് നേടിയത്. അതിന് ശേഷം 1958-59 സീസണിൽ ഇന്റർമിലാൻ അന്റോണിയോ വാലന്റിനും എസി മിലാന്റെ ജോസെ അൽറ്റാഫിനിയുമായിരുന്നു ഇരുപത്തിയെട്ട് ഗോളുകൾ നേടിയത്. അതിന് ശേഷം ഇതാദ്യമായാണ് മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിയെട്ട് ഗോളുകൾ രണ്ട് താരങ്ങൾ ഒരുമിച്ച് നേടുന്നത്.