സിരി എയിലെ ഒന്നാമൻ അർജന്റൈൻ ഗോൾകീപ്പർ, പിന്നാലെ കൂടി വമ്പൻക്ലബുകൾ !

അർജന്റീനയിൽ നിന്ന് മറ്റൊരു താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജന്റീനക്ക് തലവേദന സൃഷ്ടിച്ച ഗോൾകീപ്പിങ്ങിലാണ് മികച്ച ഒരു താരം ഉദയം ചെയ്തിരിക്കുന്നത്. ഈ സിരി എയിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ നേടിയ താരമായി മാറിയത് ഉഡിനസിന്റെ അർജന്റൈൻ ഗോൾകീപ്പർ യുവാൻ മുസ്സോ ആയിരുന്നു. മികച്ച പ്രകടനമാണ് ഈ സീസണിൽ അദ്ദേഹം നടത്തിയത്. ലീഗിലെ മുപ്പത്തിയെട്ട് മത്സരങ്ങളിലും വല കാത്ത താരം അതിൽ പതിനാലിലും തന്റെ വലയിൽ ഗോളുകൾ ഒന്നും തന്നെ വീഴാതെ കാത്തുസൂക്ഷിച്ചു. മാത്രമല്ല രണ്ടു പെനാൽറ്റികൾ ഈ സീസണിൽ സേവ് ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. യുവന്റസ് ഗോൾകീപ്പർ സെസ്നിയെ പിന്നിലാക്കിയാണ് മുസ്സോ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ നേടിയത്.ഇരുപത്തിയാറുകാരനായ താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സ്കലോണി നേരത്തെ തന്നെ താരത്തിന് അർജന്റീന ജേഴ്‌സിയിൽ അരങ്ങേറാനുള്ള അവസരം നൽകിയിരുന്നു.

താരത്തിന്റെ മിന്നുംപ്രകടനത്തിന്റെ ഫലമായി ഒട്ടേറെ മികച്ച ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്‍. ഇറ്റലിയിലെ തന്നെ രണ്ടു മിലാനുകൾ താരത്തിൽ ആകൃഷ്ടരായിട്ടുണ്ട്. കൂടാതെ സ്പെയിനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മുസ്സോക്ക് ഓഫറുകൾ വന്നിട്ടുണ്ട്. താരത്തിന്റെ ഏജന്റ് ആയ വിസന്റെ മോന്റസ് ആണ് മുൻപ് റേഡിയോ മാർട്ടെക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റലിയിൽ നിന്ന് ഇന്റർമിലാൻ, എസി മിലാൻ, നാപോളി എന്നിവരും ഇംഗ്ലണ്ടിൽ നിന്ന് വാട്ട്ഫോർഡും സ്പെയിനിൽ നിന്ന് അത്ലറ്റികോ മാഡ്രിഡും താരത്തിന് വേണ്ടി തന്നെ സമീപിച്ചു എന്നാണ് ഇദ്ദേഹം അറിയിച്ചത്. അത്ലറ്റികോ മാഡ്രിഡ്‌ കീപ്പർ ഒബ്ലാക്ക് ടീം വിടുകയാണെങ്കിൽ പകരക്കാരനായി കണ്ടുവെച്ചിരിക്കുന്നത് ഇദ്ദേഹത്തെയാണ്. അതേസമയം മുപ്പത് മില്യൺ യുറോ താരത്തിന് വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് ഉഡിനെസ്. 2018-ൽ റേസിംഗ് ക്ലബിൽ നിന്നായിരുന്നു താരം നാലു മില്യണ് ഉഡിനെസിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *