സിദാനെ യുവന്റസിന് വേണം, ക്രിസ്റ്റ്യാനോയും സിദാനും വീണ്ടും ഒരുമിക്കുമോ?

ഈ സീസണോട് കൂടി യുവന്റസ് പരിശീലകൻ ആൻഡ്രിയ പിർലോയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. വർഷങ്ങളായി നേടിയിരുന്ന സിരി എ കിരീടം കൈവിട്ടു എന്ന് മാത്രമല്ല ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും തുലാസിലാണ്. കഴിഞ്ഞ മിലാനെതിരെയുള്ള മത്സരത്തിൽ തകർന്നടിഞ്ഞതോടെയാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പിർലോയുടെ സ്ഥാനം തെറിക്കുമെന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.ലാ ഗസറ്റ ഡെല്ലോ സ്പോർട്ട്, ട്യൂട്ടോസ്പോർട്ട് എന്നിവരൊക്ക ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

പകരമായി രണ്ട് പേരെയാണ് യുവന്റസ് പരിശീലകസ്ഥാനത്തേക്ക് കണ്ടു വെച്ചിരിക്കുന്നത്. ഒന്ന് മാസിമിലിയാനോ അല്ലെഗ്രിയാണ്.2019-ൽ യുവന്റസ് അല്ലെഗ്രിയെ പുറത്താക്കുകയാണ് ചെയ്തത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അല്ലെഗ്രിയെ തിരികെ എത്തിക്കാൻ യുവന്റസ് ശ്രമിച്ചേക്കുമെന്നാണ് കണ്ടെത്തൽ.

ഇനി രണ്ടാമത്തെ പരിശീലകൻ സിനദിൻ സിദാനാണ്. റയലിന്റെ പരിശീലകനായ അദ്ദേഹം ഈ സീസണോട് കൂടി രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.2018-ൽ അപ്രതീക്ഷിതമായി രാജിവെച്ച വ്യക്തിയാണ് സിദാൻ. അത്കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് ഏത് രീതിയിലുള്ള സമീപനം ഉണ്ടാവുമെന്നുള്ളത് കാണേണ്ട വിഷയം തന്നെയാണ്.മാത്രമല്ല 1996 മുതൽ 2001 വരെ യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സിദാൻ. അത്കൊണ്ട് തന്നെ സിദാൻ റയലിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞാൽ അദ്ദേഹത്തെ എത്തിക്കാനാവുമെന്നുള്ള വിശ്വാസത്തിലാണ് നിലവിൽ യുവന്റസുള്ളത്. മാത്രമല്ല മുൻ റയൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സിദാനും ഒരിക്കൽ കൂടി ഒരുമിക്കുമോ എന്നറിയാനുള്ള ആകാംക്ഷയും ആരാധകർക്കിടയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *