വ്യാജവാർത്തകൾക്ക് വിരാമം, തനിക്ക് കൊറോണയില്ലെന്ന് ദിബാല

ഇന്ന് രാവിലെ മുതൽ പ്രചരിച്ചിരുന്ന വാർത്തകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നായിരുന്നു യുവന്റസിന്റെ അർജന്റയിൻ സൂപ്പർ താരം പൌലോ ദിബാലക്ക് കൊറോണ സ്ഥിരീകരിച്ചു എന്നത്. എന്നാൽ ഈ വാർത്തകൾ എല്ലാം തന്നെ വ്യാജമാണെന്നും ഇതിലൊന്നും സത്യമില്ലെന്നും അറിയിച്ചു കൊണ്ട് ദിബാല തന്നെ നേരിട്ട് രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോൾ. താരം തന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ കുറിച്ച ട്വീറ്റ് ആണ് ഇന്ന് പ്രചരിച്ച വർത്തകളെയെല്ലാം തന്നെ അസ്ഥാനത്താക്കിയിരിക്കുന്നത്. തനിക്ക് കുഴപ്പമില്ലെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നുമായിരുന്നു ദിബാലയുടെ ട്വീറ്റ്.

” ഞാൻ സുഖമായിരിക്കുന്നു. നിലവിൽ സ്വമേധയാ ഉള്ള ഐസൊലെഷനിലാണുള്ളത്. എനിക്ക് സന്ദേശങ്ങളയച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “. ഇതായിരുന്നു ദിബാല ട്വിറ്റെറിൽ കുറിച്ചത്. കൂടാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്ന ഹാഷ്ടാഗും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ദിബാലക്കും കൊറോണയുണ്ടെന്ന വാർത്ത ചില മാധ്യമങ്ങൾ പടച്ചു വിട്ടു. അത് പിന്നീട് പലരും ഏറ്റെടുത്ത് പ്രചരിക്കുകയും ചെയ്തു.

മലയാളത്തിലെ പ്രമുഖമാധ്യമങ്ങൾ അടക്കം ഈ തെറ്റായ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ ഒട്ടേറെ പ്രമുഖമാധ്യമങ്ങൾ ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ പങ്കാളികളായി എന്നത് ദുഖകരമാണ്. എന്നാൽ വിശ്വസനീയമായ ഒരു സോഴ്സും ലഭിക്കാത്തതിനാൽ റാഫ്ടോക്സ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നില്ല എന്ന് മാത്രമല്ല വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *