വേൾഡ് കപ്പിന് മുന്നേയുള്ള അർജന്റൈൻ താരങ്ങളുടെ കളം മാറ്റം തുടരുന്നു,ഡി മരിയക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരവും യുവന്റസിലേക്ക്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി അർജന്റൈൻ താരങ്ങളാണ് തങ്ങളുടെ നിലവിലെ ക്ലബ്ബുകൾ വിട്ടുകൊണ്ട് പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ഡി മരിയ,പൗലോ ഡിബാല,ഹൂലിയൻ ആൽവരസ്,നഹുവേൽ മൊളീന,ലിസാൻഡ്രോ മാർട്ടിനസ്,ടാഗ്ലിയാഫിക്കോ എന്നിവരൊക്കെ പുതിയ ക്ലബ്ബുകളിൽ എത്തിയിരുന്നു. വേൾഡ് കപ്പിന് തൊട്ടുമുന്നേയുള്ള ഈ കൂടുമാറ്റം അർജന്റീനക്ക് ചെറിയ ആശങ്ക നൽകുന്ന കാര്യമാണ്.
ഏതായാലും മറ്റൊരു അർജന്റൈൻ താരം കൂടി ക്ലബ്ബ് വിടുന്നതിന്റെ തൊട്ടരികയിലാണ്.പിഎസ്ജിയുടെ മധ്യനിര താരമായ ലിയാൻഡ്രോ പരേഡസാണ് ക്ലബ് വിടാനൊരുങ്ങി നിൽക്കുന്നത്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലെക്കാണ് താരം ചേക്കേറുക.യുവന്റസുമായി പരേഡസ് ഇപ്പോൾ കരാറിൽ എത്തി കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Agreement reached between Leandro Paredes and Juventus. https://t.co/ft95lWHoVu
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 3, 2022
വീറ്റിഞ്ഞ,സാഞ്ചസ് തുടങ്ങിയ മധ്യനിര താരങ്ങളെ പിഎസ്ജി പുതുതായി ടീമിലേക്ക് എത്തിച്ചിരുന്നു. ഇതോടുകൂടിയാണ് പരേഡസ് ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്. അതേസമയം യുവന്റസ് പിഎസ്ജിയുമായി ഇതുവരെ കരാറിൽ എത്തിയിട്ടില്ല.15 മില്യൺ യുറോയാണ് നിലവിൽ പിഎസ്ജി ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ ധാരണയിൽ എത്താനുള്ള ശ്രമങ്ങളാണ് നിലവിൽ യുവന്റസ് നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ ഡി മരിയ ഫ്രീ ഏജന്റായി കൊണ്ട് യുവന്റസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരേഡസും യുവന്റസിൽ എത്താനൊരുങ്ങി നിൽക്കുന്നത്. നേരത്തെ സിരി എയിൽ കളിച്ച് പരിചയമുള്ളതിനാൽ പരേഡസിന്റെ വരവ് യുവന്റസിന് ഗുണം ചെയ്തേക്കും.