വീണ്ടും ജിറൂദ്,സിരി എ ടീം ഓഫ് ദി വീക്കിലെ ഗോൾകീപ്പറായി താരം!
കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ AC മിലാന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജെനോവയെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റൻ പുലിസിച്ച് നേടിയ ഗോളാണ് മിലാന് വിജയം നേടിക്കൊടുത്തത്.
എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മിലാന്റെ ഗോൾകീപ്പറായ മൈക്ക് മൈഗ്നന് റെഡ് കാർഡ് ലഭിച്ചിരുന്നു. സാധ്യമായ എല്ലാ സബ്സ്റ്റിറ്റ്യൂഷനുകളും നടത്തിയതിനാൽ മിലാന് പകരം ഗോൾ കീപ്പറെ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സൂപ്പർ സ്ട്രൈക്കറായ ഒലിവർ ജിറൂദ് ഗോൾ കീപ്പറായി മാറുകയായിരുന്നു. അതിനുശേഷം ഒരു തകർപ്പൻ സേവ് നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനും ഈ സ്ട്രൈക്കർക്ക് കഴിഞ്ഞു.
Olivier Giroud has made the Serie A team of the week as a goalkeeper 😱 pic.twitter.com/41zhicObJP
— GOAL (@goal) October 9, 2023
ജിറൂദിന്റെ ഈ അത്ഭുതപ്രകടനം ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.ഈ അവസരം കൃത്യമായി മുതലെടുത്തിരിക്കുകയാണ് ഇറ്റാലിയൻ ലീഗ് അധികൃതർ. അതായത് കഴിഞ്ഞ വീക്കിലെ മത്സരങ്ങൾ അവസാനിച്ചതോടുകൂടി സിരി എ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരുന്നു. അതിൽ ഗോൾകീപ്പറായികൊണ്ട് ഇടം നേടിയിരിക്കുന്നത് മറ്റാരുമല്ല, കേവലം മിനിറ്റുകൾ മാത്രം കളിച്ചിട്ടുള്ള ഒലിവർ ജിറൂദാണ്. സാഹചര്യം പരിഗണിച്ചുകൊണ്ട് തമാശ രൂപേണയാണ് അവർ ജിറൂദിനെ ഗോൾകീപ്പറായികൊണ്ട് ടീമിൽ ഉൾപ്പെടുത്തിയത് എന്നത് വ്യക്തമാണ്. ഇതിലൂടെ ഈ ടീം ഓഫ് ദി വീക്കിന് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റാനും സാധിച്ചിട്ടുണ്ട്.
ഈ സാഹചര്യം കൃത്യമായി മുതലെടുക്കുന്നതിൽ എസി മിലാനും ഒട്ടും പിറകിലല്ല. അവർ തങ്ങളുടെ ഗോൾകീപ്പർമാരുടെ ലിസ്റ്റിൽ ജിറൂദിന്റെ പേര് ചേർത്തിട്ടുണ്ട്. മാത്രമല്ല ജിറൂദിന്റെ ഗോൾകീപ്പർ ജേഴ്സിയും അവർ തങ്ങളുടെ സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഏതായാലും സേവ് നടത്തിയതോടുകൂടി ജിറൂദ് ഒരു വലിയ ഹീറോയായി മാറിയിരിക്കുകയാണ്.