ലൗറ്ററോ ബാഴ്സയിലെത്തുമോ? വിശദീകരണം നൽകി സനേട്ടി !

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുകയും ടീമിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്ത താരമാണ് ഇന്ററിന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ പിന്നീട് ബാഴ്സയിലെ പ്രതിസന്ധിയും പരിശീലകമാറ്റവും ഈ ട്രാൻസ്ഫറിനെ സ്തംഭനാവസ്ഥയിലാക്കി. മാത്രമല്ല ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളും തീരുമാനങ്ങളും ലൗറ്ററോയുടെ മനസ്സിനെയും മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യം തന്നെയാണ് മുൻ അർജന്റീന താരവും ഇപ്പോൾ ഇന്റർമിലാൻ വൈസ് പ്രസിഡന്റുമായ ഹവിയർ സനേട്ടിക്കും പറയാനുള്ളത്. താരം ബാഴ്സയിൽ എത്തില്ലെന്നും താരം ഇന്ററിൽ തന്നെ തുടരുമെന്നും ലൗറ്ററോ ഇവിടെ സന്തോഷവാനാണ് എന്നുമാണ് സനേട്ടി ഉറപ്പിച്ചു പറഞ്ഞത്. തങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും വാഗ്ദാനമാണ് ലൗറ്ററോ എന്നാണ് സനേട്ടി അറിയിച്ചത്.കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ പറ്റി സംസാരിച്ചത്. ഈ സീസണിൽ 21 ഗോളുകൾ ലൗറ്ററോ നേടിയിരുന്നു. സിരി എയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും യൂറോപ്പ ലീഗിൽ റണ്ണേഴ്‌സ് അപ്പാവാനും ലൗറ്ററോക്ക് ഇന്ററിനൊപ്പം കഴിഞ്ഞിരുന്നു.

” ലൗറ്ററോ ഇന്റർ വിടുന്നില്ല. ബാഴ്സലോണയിലേക്ക് മാത്രമല്ല, മറ്റേത് ക്ലബ്ബിൽ നിന്ന് ഓഫർ വന്നാലും സ്ഥിതി ഇതുതന്നെയാണ്. താൻ ഒരു മികച്ച ക്ലബ്ബിലാണ് ഉള്ളതെന്ന് ലൗറ്ററോക്ക് ആദ്യമേ അറിയാം. ഇറ്റലിയിൽ അദ്ദേഹം സന്തോഷജീവിതമാണ് നയിക്കുന്നത്. അദ്ദേഹം ശരിയായ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ അദ്ദേഹം ക്ലബ് വിടുന്നില്ല. അദ്ദേഹം ഞങ്ങളുടെ ഇപ്പോഴത്തെയും ഭാവിയുടെയും വാഗ്ദാനമാണ്. ബഹുമാനം എന്നുള്ളത് ക്ലബ്ബിന്റെ ഭാഗം കൂടിയാണ്. ഓരോ താരത്തിനും ക്ലബ് റിലീസ് ക്ലോസ് നിശ്ചയിച്ചിട്ടുണ്ട്. അപ്പോൾ മറ്റുള്ള ക്ലബുകൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ആ റിലീസ് ക്ലോസ് അടക്കുക എന്നത് മാത്രമാണ്. പക്ഷെ ലൗറ്ററോയുടെ കാര്യത്തിൽ എല്ലാം ഭംഗിയായാണ് കഴിഞ്ഞു പോവുന്നത്. അദ്ദേഹം സന്തോഷവാനാണ് എന്ന് എനിക്ക് പറയാനാവും ” സനേട്ടി പറഞ്ഞു. സെപ്റ്റംബർ ഇരുപത്തിയാറിനാണ് ഇന്റർ മിലാൻ വരുന്ന സീസണിലെ സിരി എയിലെ ആദ്യമത്സരം കളിക്കുന്നത്. സ്വന്തം മൈതാനത്ത് ഫിയോറെന്റിനയാണ് ഇന്ററിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *