ലൗറ്ററോയോട് മനസമാധാനം കൈവരിക്കാൻ ആവിശ്യപ്പെട്ട് ഇന്റർ സിഇഒ

കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും തകർത്തു കളിച്ച താരമായിരുന്നു ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ പിന്നീട് താരത്തെ ബാഴ്സയുമായി ബന്ധപ്പെടുത്തി കൊണ്ട് ഒരുപാട് ട്രാൻസ്ഫർ വാർത്തകൾ പുറത്തുവന്നിരുന്നു. താരവും ഇന്റർവിട്ട് ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു എന്നുള്ളത് പരസ്യമായ കാര്യമാണ്. ഒരുപാട് ഊഹാപോഹങ്ങളും വിലപേശലുകളുമൊക്കെ താരത്തിന്റെ കാര്യത്തിൽ നടന്നുവെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇന്ന് താരത്തിന്റെ റീലിസ് ക്ലോസ് കാലാവധി അവസാനിക്കുന്നതോടെ ബാഴ്സ മോഹം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ട സാഹചര്യമാണിത്. എന്നാൽ സിരി എയിൽ മത്സരങ്ങൾ പുനരാരംഭിച്ച ശേഷം ഈ സംഭവവികാസങ്ങൾ എല്ലാം തന്നെ മാനസികമായി തളർത്തിയിട്ടുണ്ട് എന്നതിനുള്ള തെളിവാണ് കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് സ്‌ട്രൈക്കർക്ക് നേടാൻ കഴിഞ്ഞത് എന്ന് മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി പാഴാക്കുകയും ഇന്റർ തോൽക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തോട് മനസമാധാനം കൈക്കൊള്ളാനും കളിയിൽ ശ്രദ്ദിക്കാനും ആവിശ്യപ്പെട്ടിരിക്കുകയാണ് ഇന്റർമിലാൻ സിഇഒ ഗിസപ്പെ മറോറ്റ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

” നമ്മൾ പരിഗണിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് മത്സരങ്ങളും രണ്ട് ട്രാൻസ്ഫർ മാർക്കറ്റുകളും. രണ്ടും ഒരേസമയം പ്രവർത്തിക്കുന്നവ തന്നെയാണ്. നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് മത്സരങ്ങളിലാണ്. ഇന്റർമിലാന് താരത്തെ വിൽക്കണമെന്നില്ല. പക്ഷെ ഈ സമയം അഭ്യൂഹങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഈ സീസണിന്റെ തുടക്കത്തിൽ താരം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് നമ്മൾ കണ്ടതാണ്. അതുവഴി വലിയ വലിയ ക്ലബുകളുടെ ശ്രദ്ധ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ഇപ്പോൾ അദ്ദേഹം മനസമാധാനം കൈവരിക്കേണ്ട സമയമാണ്. സീസണിന്റെ തുടക്കത്തിൽ എങ്ങനെ ആയിരുന്നുവോ അത്പോലെ താരം തിരിച്ചു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *