റോമയിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നതിന് മുന്നേ മൊറിഞ്ഞോയോട് ചോദിച്ചത് ഒരേയൊരു ചോദ്യം,വെളിപ്പെടുത്തലുമായി ഡിബാല!
അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ടു കൊണ്ട് റോമയിലേക്ക് ചേക്കേറിയിരുന്നു.ഗംഭീര വരവേൽപ്പാണ് താരത്തിന് റോമയിൽ ലഭിച്ചത്. താരത്തിന്റെ ജേഴ്സി വില്പനയിൽ റെക്കോർഡ് സൃഷ്ടിക്കാൻ റോമക്ക് സാധിച്ചിരുന്നു. മാത്രമല്ല താരത്തെ അവതരിപ്പിക്കുന്നത് കാണാൻ വേണ്ടി നിരവധി ആരാധകരായിരുന്നു കഴിഞ്ഞ ദിവസം റോമയിൽ തടിച്ചുകൂടിയിരുന്നത്.
ഏതായാലും റോമയിൽ എത്താനുണ്ടായ സാഹചര്യം ഇപ്പോൾ പൗലോ ഡിബാല വിശദീകരിച്ചിട്ടുണ്ട്. എന്തൊക്കെയാണ് സ്വന്തമാക്കാൻ വേണ്ടി നമ്മൾ ലക്ഷ്യം വെക്കുന്നത് എന്നുള്ളതാണ് താൻ റോമയിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നതിനു മുന്നേ മൊറിഞ്ഞോയോട് ചോദിച്ചത് എന്നാണ് ഡിബാല ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 27, 2022
” ഞാൻ ആദ്യമായി പരിശീലകനോട് ചോദിച്ചത് നമ്മൾ എന്തൊക്കെ നേടാനാണ് ലക്ഷ്യം വെക്കുന്നത് എന്നുള്ളതാണ്. കിരീടങ്ങൾ നേടുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു,മൊറിഞ്ഞോയും അത് ഇഷ്ടപ്പെടുന്നുണ്ട്.അദ്ദേഹവും ക്ലബ്ബും എനിക്ക് ഒരുപാട് ഉറപ്പുകൾ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ആത്മവിശ്വാസവും ജാഗ്രതയും ഉണ്ട്. ലക്ഷ്യങ്ങൾ കരസ്ഥമാക്കാൻ വേണ്ടി എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.എന്റെ ഏറ്റവും മികച്ച പ്രകടനവും പരിചയസമ്പത്തും ഞാൻ ടീമിന് നൽകാൻ ശ്രമിക്കും. ഞാൻ ക്ലബ്ബിലെ എല്ലാ അധികൃതരുമായും സംസാരിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ എനിക്കിനി സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല ” ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മൊറിഞ്ഞോക്ക് കീഴിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടാൻ റോമക്ക് സാധിച്ചിരുന്നു. അതേസമയം യുവന്റസിനൊപ്പം 5 സിരി എ കിരീടങ്ങൾ നേടിയ ശേഷമാണ് ഇപ്പോൾ ഡിബാല റോമയിൽ എത്തിയിരിക്കുന്നത്.