റൊണാൾഡോയും പിർലോയും തുടരുമോ? സ്ഥിരീകരിച്ച് യുവന്റസ് വൈസ് പ്രസിഡന്റ്‌!

ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് നിലവിൽ യുവന്റസ് കടന്നു പോയികൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തേ പുറത്തായ യുവന്റസിന് ഒമ്പത് വർഷം കൈവശം വെച്ചിരുന്ന സിരി എ കിരീടവും നഷ്ടമായിരുന്നു. അത്‌ മാത്രമല്ല നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. മൂന്ന് മത്സരങ്ങൾ കൂടി കഴിഞ്ഞ് അഞ്ചാം സ്ഥാനത്ത്‌ തന്നെ തുടരുകയാണെങ്കിൽ യുവന്റസ് അടുത്ത സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നേക്കും.

ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തുടരുന്ന യുവന്റസിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടുമെന്നും നിലവിലെ പരിശീലകനായ ആൻഡ്രിയ പിർലോയെ പുറത്താക്കുമെന്നുള്ള വാർത്തകളൊക്കെ സജീവമാണ്. എന്നാൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് യുവന്റസ് വൈസ് പ്രസിഡന്റ്‌ ആയ പവൽ നെദ്വേദ്. ഇരുവരും യുവന്റസിൽ തന്നെ തുടരുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ക്ലബ്ബിനകത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. പക്ഷേ ഞങ്ങൾ അവസാനം വരെ പൊരുതുക തന്നെ ചെയ്യും.പിർലോയും റൊണാൾഡോയും യുവന്റസിൽ തന്നെ തുടരും. അക്കാര്യത്തിൽ സംശയം വേണ്ട ” നെദ്വേദ് പറഞ്ഞു. റൊണാൾഡോ ടീം വിട്ട് തന്റെ മുൻ ക്ലബുകളിലൊന്നിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. റൊണാൾഡോ യുവന്റസിൽ തന്നെ തുടരുകയാണെങ്കിൽ ഒരുപക്ഷെ അടുത്ത സീസണിൽ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *