റെക്കോർഡ് വേട്ടക്ക് അവസാനമാകുന്നില്ല, പുതിയ റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസ് സ്പെസിയയെ തകർത്തിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് വിജയം കൊയ്തത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, കിയേസ, മൊറാറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ ഗോളോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. എന്തെന്നാൽ ഈ ഗോൾ ഈ സിരി എയിൽ റൊണാൾഡോയുടെ ഇരുപതാം ഗോൾ ആയിരുന്നു. ഇത് തുടർച്ചയായ പന്ത്രണ്ടാം തവണയാണ് ലീഗിൽ ഇരുപതോ അതിലധികമോ ഗോളുകൾ നേടുന്നത്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ കണക്കാണിത്.

താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ തെളിവാണിത്.അതേസമയം ഇന്നലത്തെ മത്സരത്തോട് കൂടി ലീഗിൽ 600 മത്സരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കി.സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് റൊണാൾഡോ 600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയത്.സ്പോർട്ടിങ്ങിന് വേണ്ടി മൂന്ന് ലീഗ് ഗോളുകൾ നേടിയ റൊണാൾഡോ യുണൈറ്റഡിന് വേണ്ടി 196 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയിട്ടുണ്ട്. മൂന്ന് ലീഗ് കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്.റയലിന് വേണ്ടി 292 ലാലിഗ മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 311 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് ലീഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട്.യുവന്റസിന് വേണ്ടി 85 മത്സരങ്ങൾ കളിച്ച റൊണാൾഡോ 72 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് കിരീടങ്ങളും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *