യുവന്റസ് Vs ലെച്ചെ :മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

ഓരോ മത്സരവും റെക്കോർഡ് ബുക്കുകളിൽ നിരവധി കണക്കുകളാണ് ബാക്കി വെക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന യുവെൻ്റസ് vs ലെച്ചെ മത്സരവും അതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. യുവെൻ്റസ് പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ ഹിഗ്വൈൻ, മാറ്റിസ് ഡിലെറ്റ് എന്നിവർ നേടിയ ഗോളുകളുടെ ബലത്തിൽ 4-0 എന്ന സ്കോറിന് ജയിച്ചു എന്നതിനപ്പുറം ഈ മത്സരം കാൽപന്തുകളിയുടെ കണക്ക് പുസ്തകത്തിൽ ചില കാര്യങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്.

ഒന്ന് : ഈ മത്സരത്തിൽ ഗോളടിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി Aയിൽ 20 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോളുകൾ നേടിക്കഴിഞ്ഞു. പോർച്ചുഗീസ് സൂപ്പർ താരം രണ്ട് സീസണുകളിലായി സീരി A യിൽ നേരിട്ട 21 ടീമുകളിൽ ഒന്നൊഴികെ മറ്റെല്ലാ ടീമുകൾക്കെതിരെയും ഗോളുകൾ നേടി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

രണ്ട് : ഈ മത്സരത്തിൽ ഗോൾ നേടിയ പൗളോ ഡിബാല ഇറ്റാലിയൻ സീരി Aയിൽ 50 ഹോം ഗോളുകൾ എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ്. ഈ സീസണിൽ സീരി Aയിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ഇതിനോടകം 26 മത്സരങ്ങളിൽ നിന്നും 9 ഗോളുകളും 5 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. അതായത് 14 ഗോളുകളിൽ അദ്ദേഹം പങ്കാളിയായി.

മൂന്ന് : യുവൻ്റസിൻ്റെ റോഡ്രിഗോ ബെൻ്റാൻകുർ ഈ മത്സരത്തിൽ ടീമിൻ്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. അറുപത്തിയെട്ടാം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും വരെ താരം മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് നടത്തിയത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ യുവെൻ്റസിനായി എല്ലാ കോമ്പറ്റീഷനുകളിലുമായി അദ്ദേഹം 100 മത്സരങ്ങൾ തികച്ചു. 23 കാരനായ താരത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട ഒരു നേട്ടമാണിത്.

ഇത്തരത്തിലുള്ള നിരവധി റെക്കോർഡുകളും സ്റ്റാറ്റിസ്റ്റിറ്റിക്സുമാണ് ഓരോ മത്സരവും റെക്കോർഡ് പുസ്തകങ്ങളിൽ അവശേഷിപ്പിക്കുന്നത്. ഇവ പിന്നീട് കായിക പ്രേമികൾക്ക് വിശകലനത്തിനും ചർച്ചകൾക്കുമൊക്കെ സഹായകരമായി മാറുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *