മൈഗ്നന്റെ ആവശ്യം പരിഗണിച്ചില്ല,ഉഡിനീസിക്ക് ശിക്ഷ വിധിച്ച് ലീഗ് അധികൃതർ!

ഇറ്റാലിയൻ ലീഗിൽ നടന്ന എസി മിലാനും ഉഡിനീസിയും തമ്മിലുള്ള മത്സരത്തിൽ വിജയം നേടാൻ മിലാന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മിലാൻ ഉഡിനീസിയെ പരാജയപ്പെടുത്തിയത്.ഉഡിനീസിയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നാൽ ഈ മത്സരം കുറച്ച് സമയത്തേക്ക് നിർത്തി വെക്കേണ്ടി വന്നിരുന്നു.

എന്തെന്നാൽ ഉഡിനീസി ആരാധകരിൽ നിന്നും മിലാന്റെ ഫ്രഞ്ച് ഗോൾകീപ്പറായ മൈക്ക് മൈഗ്നന് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. കുരങ്ങന്റെ ശബ്ദം ഉണ്ടാക്കി കൊണ്ടായിരുന്നു എതിർ ആരാധകർ അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹം മത്സരത്തിനിടക്ക് കളം വിടുകയായിരുന്നു. തുടർന്ന് മൈഗ്നൻ തിരിച്ച് വന്നതിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഈ വംശീയാധിക്ഷേപങ്ങൾക്കെതിരെ വലിയ രൂപത്തിൽ പ്രതിഷേധം ഉയർത്തുകയാണ് ഈ ഗോൾകീപ്പർ ചെയ്തിട്ടുള്ളത്.

കടുത്ത നടപടികൾ കുറ്റക്കാർക്കെതിരെ സ്വീകരിക്കണമെന്ന് മൈഗ്നൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഈ ആവശ്യം ഇറ്റാലിയൻ ലീഗ് അധികൃതർ പരിഗണിച്ചില്ല എന്ന് വേണം പറയാൻ. കാരണം കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. മറിച്ച് ഉഡിനീസിക്ക് ശിക്ഷ നടപടികൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതായത് ഒരു മത്സരത്തിൽ കാണികളെ പ്രവേശിക്കാനുള്ള അനുമതി ഇവർക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിൽ ഉഡിനീസി ഒരു മത്സരം കളിക്കേണ്ടിവരും.

ഫെബ്രുവരി മൂന്നാം തീയതി മോൺസക്കെതിരെ ഉഡിനീസി ഒരു മത്സരം ഇറ്റാലിയൻ ലീഗിൽ കളിക്കുന്നുണ്ട്.സ്വന്തം മൈതാനത്താണ് ആ മത്സരം നടക്കുന്നത്. ആ മത്സരത്തിലായിരിക്കും അടച്ചിട്ട സ്റ്റേഡിയത്തിൽ ഉഡിനീസി കളിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഫുട്ബോൾ ലോകത്ത് നിന്ന് വലിയ പിന്തുണ മൈഗ്നന് ലഭിച്ചിരുന്നു.കിലിയൻ എംബപ്പേയും വിനീഷ്യസ് ജൂനിയറും ഉൾപ്പെടെയുള്ളവർ ഈ ഫ്രഞ്ച് താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *