മിലാൻ പരിശീലകന്റെ മെഡൽ അടിച്ചുമാറ്റി,പിന്നീട് നന്ദി പറഞ്ഞ് കള്ളന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി!

സിരി എയിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ സാസുവോളോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ മിലാന് സാധിച്ചിരുന്നു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മിലാൻ ഇപ്പോൾ സിരി എയിൽ മുത്തമിടുന്നത്. ഈ കിരീട നേട്ടത്തിന് മിലാൻ നന്ദി പറയേണ്ടത് സ്റ്റെഫാനോ പിയോലി എന്ന പരിശീലകനോടാണ്.

കിരീടം നേടിയതിനു ശേഷം തനിക്ക് ലഭിച്ച മെഡൽ നഷ്ടപ്പെട്ടതായി അഭിമുഖങ്ങളിൽ പിയോലി തന്നെ വെളിപ്പെടുത്തിയിരുന്നു.ആരാധക കൂട്ടത്തിനിടയിലാണ് അത് കാണാതെ പോയത് എന്നാണ് പിയോലി പറഞ്ഞത്.

എന്നാൽ ഈ വിഷയത്തിൽ രസകരമായ മറ്റൊരു സംഭവം കൂടി അരങ്ങേറിയിട്ടുണ്ട്. അതായത് ഒരു വ്യക്തി പിയോലിയുടെ മെഡൽ അടിച്ചു മാറ്റുകയായിരുന്നു. മാത്രമല്ല തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കള്ളൻ അത് പങ്കുവെക്കുകയും ചെയ്തു.നന്ദി പിയോലി എന്നാണ് ഇദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുള്ളത്. മെഡലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഈ വ്യക്തി മെഡൽ മോഷ്ടിച്ചതാണോ അതല്ലെങ്കിൽ കളഞ്ഞു കിട്ടിയതാണോ എന്ന് വ്യക്തമല്ല.ഏതായാലും അദ്ദേഹം പിയോലിക്ക് ആ മെഡൽ തിരികെ നൽകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. തിരികെ ലഭിച്ചില്ലെങ്കിൽ പകരമായി ഡ്യൂപ്ലിക്കേറ്റ് നൽകാമെന്നുള്ളത് സിരി എ അറിയിച്ചിട്ടുണ്ട്.അതേസമയം ഇത് സംബന്ധിച്ച അന്വേഷണങ്ങളൊന്നും നടന്നതായി അറിയാൻ കഴിയുന്നില്ല.

ഏതായാലും വളരെ തമാശരൂപേണയാണ് മാധ്യമങ്ങളൊക്കെ ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *