മറഡോണ സിരി എയിൽ എത്തിയതിന് സമാനമായിരിക്കും ആ അർജന്റൈൻ താരം സിരി എയിൽ എത്തുമ്പോൾ : ബുഫൺ പറയുന്നു!
അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ തന്റെ ക്ലബായ പിഎസ്ജിയോട് വിടപറഞ്ഞിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് താരം ക്ലബ്ബ് വിടുന്നത്.ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്ക് ഡി മരിയ എത്തുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും യുവന്റസിന്റെ ഇതിഹാസഗോൾകീപ്പറായിരുന്ന ജിയാൻ ലൂയിജി ബുഫൺ ഇതുമായി ബന്ധപ്പെട്ട ചില അഭിപ്രായങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ഡി മരിയ സിരി എയിൽ എത്തിയാൽ അത് മറഡോണ സിരി എയിൽ എത്തിയതിന് സമാനമായിരിക്കും എന്നാണ് ബുഫൺ പറഞ്ഞിട്ടുള്ളത്.അർജന്റൈൻ ഇതിഹാസമായ മറഡോണ സിരി എയിൽ കളിക്കുകയും വലിയ ഇംപാക്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അതുപോലെ ഇംപാക്ട് ഉണ്ടാക്കാൻ ഡി മരിയക്ക് കഴിയുമെന്നുള്ള പ്രതീക്ഷയാണ് ബുഫൺ പങ്കുവയ്ക്കുന്നത്.ബുഫണിന്റെ വാക്കുകൾ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 21, 2022
” ഡി മരിയ സിരി എയിൽ വന്നാൽ അത് മറഡോണ സിരി എയിൽ വന്നതിന് സമാനമായിരിക്കും. ഫുട്ബോളർമാർ കളിക്കുന്നതിന്റെ സന്ദർഭം പരിഗണിച്ചുകൊണ്ട് അവരെ വില മതിക്കണം. ഇന്ന് ടെക്നിക്കലായിട്ട് സിരി എ മോശം അവസ്ഥയിലാണ്. പക്ഷേ വളരെയധികം സാങ്കേതിക മികവുള്ള താരമാണ് ഡി മരിയ. ഗോൾ നേടാനും എതിരാളികളെ വളരെ എളുപ്പത്തിൽ ഡ്രിബിൾ ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ട്.അസിസ്റ്റുകളുടെ കാര്യത്തിൽ ഡി മരിയ വളരെ മികച്ച താരമാണ്. വ്യത്യസ്തമായ റോളുകളിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയും. ചുരുക്കി പറയുകയാണെങ്കിൽ അദ്ദേഹം ഒരു തികഞ്ഞ ഫുട്ബോളറാണ് ” ഇതാണ് ബുഫൺ പറഞ്ഞിട്ടുള്ളത്.
മുമ്പ് പിഎസ്ജിയിൽ ബുഫണും ഡി മരിയയും ഒരുമിച്ച് കളിച്ചിട്ടുണ്ട്.2018-19 സീസണിലായിരുന്നു ഇരുവരും പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നത്.