മന്ത്രി നുണ പറയുകയാണെന്ന് ക്രിസ്റ്റ്യാനോ,തിരിച്ചടിച്ച് ഇറ്റാലിയൻ കായിക മന്ത്രി !

കഴിഞ്ഞ ദിവസമായിരുന്നു ഇറ്റാലിയൻ കായികമന്ത്രിയായ വിൻസെൻസോ സ്പഡഫോറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന് ആരോപിച്ചത്. താരം പോർച്ചുഗൽ ടീമിനോടൊപ്പമായിരുന്ന സമയത്തായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ക്വാറന്റയിൻ സമയം കഴിയുന്നതിന് മുമ്പ് തന്നെ താരം ഇറ്റലിയിലെ ട്യൂറിനിൽ വന്നിറങ്ങിയിരുന്നു. പോർച്ചുഗല്ലിൽ പതിനാലു ദിവസവും ഇറ്റലിയിൽ പത്തു ദിവസവുമാണ് ക്വാറന്റയിൻ. എന്നാൽ ഇതൊന്നും വക വെക്കാതെയാണ് ക്രിസ്റ്റ്യാനോ വന്നതെന്നും അദ്ദേഹം അനുമതിയില്ലാതെ, പ്രോട്ടോകോൾ ലംഘിച്ചു കൊണ്ടാണ് ഇറ്റലിയിൽ എത്തിയതെന്നുമായിരുന്നു കായികമന്ത്രി ആരോപിച്ചത്. എന്നാൽ ഇതിനെതിരെ തിരിച്ചടിച്ചിരിക്കുകയാണ് റൊണാൾഡോ. ” ആ മനുഷ്യൻ പറയുന്നതെല്ലാം നുണയാണ്. ഞാൻ എല്ലാ വിധ പ്രോട്ടോകോളുകളും അനുസരിച്ചു കൊണ്ടാണ് ഇവിടെ എത്തിയത് ” എന്നാണ് റൊണാൾഡോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് പറഞ്ഞത്. യുവന്റസും താരത്തിന് പിന്തുണയർപ്പിച്ചിരുന്നു.

എന്നാൽ റൊണാൾഡോയുടെ പ്രസ്താവനക്കെതിരെ മന്ത്രിയും തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോയെ പോലുള്ള പ്രശസ്തരായ താരങ്ങൾ ഇങ്ങനെ അഹങ്കാരത്തോടെയും നുണ പറഞ്ഞു കൊണ്ടും പെരുമാറരുത് എന്നാണ് ഇദ്ദേഹം തിരിച്ചടിച്ചത്. ഇറ്റാലിയൻ ഏജൻസിയായ അൻസക്ക് നൽകിയ മിനിസ്റ്ററുടെ പ്രസ്താവന ഇങ്ങനെയാണ്. ” പ്രശസ്തരായ താരങ്ങൾ ഇങ്ങനെ അഹങ്കാരത്തോട് കൂടിയും നുണ പറഞ്ഞു കൊണ്ടും പെരുമാറാൻ പാടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഞാൻ സംസാരിക്കില്ല. പല താരങ്ങളും ഇറ്റാലിയൻ അതോറിറ്റികളോട് ബഹുമാനമില്ലാതെയാണ് പെരുമാറുന്നത്. ഈ വിഷയം കൂടുതൽ നീട്ടി കൊണ്ടു പോവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഇന്നലെ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നു. മാത്രമല്ല മുമ്പ് താരങ്ങൾ പ്രോട്ടോകോൾ ലംഘിച്ചു കൊണ്ട് യുവന്റസ് ടീം ഹോട്ടൽ വിട്ടു പോയിരുന്നു. ഈ വിഷയത്തിൽ ഞാൻ എഎസ്എല്ലുമായി സംസാരിച്ചിട്ടുണ്ട്. ഏതായാലും കോവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളും അതിൽ നിന്ന് മുക്തരാവട്ടെ ” ഇറ്റാലിയൻ കായിക മന്ത്രി പറഞ്ഞു. മുമ്പ് യുവന്റസിലെ രണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാവരോടും ഹോട്ടൽ വിടാൻ പാടില്ല എന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ റൊണാൾഡോ, ദിബാല, ഡാനിലോ ഉൾപ്പെടുന്നുവർ ദേശീയ ടീമിന് വേണ്ടി കളിക്കാനായി ഹോട്ടൽ വിട്ടിരുന്നു. ഇതും വലിയ വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *