ബ്രസീലിയൻ താരങ്ങൾ ഗോൾ നേടിയിട്ടും യുവന്റസിന് രക്ഷയില്ല !

സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ യുവന്റസിന് സമനില. ആവേശകരമായ മത്സരത്തിൽ 3-3 എന്ന സ്കോറിന് സാസുവോളോയായിരുന്നു യുവന്റസിനെ തളച്ചത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ യുവന്റസ് സമനില പിടിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് തോന്നിച്ച സാസുവോളോ ഗംഭീരതിരിച്ചു വരവാണ് നടത്തിയത്. യുവന്റസിന് വേണ്ടി ബ്രസീലിയൻ താരങ്ങളായ ഡാനിലോ, അലക്സ്‌ സാൻഡ്രോ എന്നിവരും ഗോൺസാലോ ഹിഗ്വയ്‌നും ഗോൾ നേടുകയായിരുന്നു. നിർണായകമായ രണ്ട് പോയിന്റുകളാണ് യുവന്റസ് കളഞ്ഞു കുളിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും യുവന്റസിന് ജയം നേടാൻ സാധിച്ചില്ല. എസി മിലാനോട് പരാജയപ്പെട്ട യുവന്റസ് കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങിയിരിന്നു. ഇതോടെ മുപ്പത്തിമൂന്നു മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് എഴുപത് പോയിന്റുള്ള അറ്റലാന്റ രണ്ടാം സ്ഥാനത്ത് ആണ്. ഇനിയുള്ള മത്സരങ്ങളിൽ ജയം നഷ്ടപ്പെടുത്തിയാൽ യുവന്റസ് കിരീടം നഷ്ടപ്പെടുത്താൻ സാധ്യതകൾ ഏറെയാണ്. പ്രത്യേകിച്ചും അറ്റലാന്റ ഈ മാരകഫോമിൽ കളിക്കുന്ന സമയത്ത്.

സൂപ്പർ താരം ദിബാല ഇല്ലാതെയാണ് യുവന്റസ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ബ്രസീൽ താരം ഡാനിലോ ഗോൾ നേടി. പ്യാനിക്കിന്റെ കോർണർ കിക്കിൽ നിന്ന് ഒരു ലോങ്ങ്‌ റേഞ്ച് ഷോട്ടിലൂടെയാണ് ഡാനിലോ വലകുലുക്കിയത്. കൃത്യം ആറു മിനുട്ടുകൾക്ക് ശേഷം രണ്ടാം ഗോളും വന്നു. ഇത്തവണയും പ്യാനിക്ക് നീട്ടിനൽകിയ ലോങ്ങ്‌ പാസ് സ്വീകരിച്ച ഹിഗ്വയ്ൻ തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കി ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ പിന്നീട് സാസുവോളോയുടെ സംഹാരതാണ്ഡവമായിരുന്നു. 29-ആം മിനുട്ടിൽ കാപുറ്റൊയുടെ അസിസ്റ്റിൽ നിന്ന് ഫിലിപ് ഗോൾ നേടി. രണ്ടാം പകുതിയിൽ 51-ആം മിനുട്ടിൽ ഡൊമെനിക്കോ ബെറാർഡി ഒരു തകർപ്പൻ ഫ്രീകിക് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കി. മൂന്ന് മിനുട്ടുകൾയ്ക്ക് ശേഷം കാപുറ്റൊ തന്നെ സാസുവോളോക്ക് ലീഡ് നേടി കൊടുത്തു. യുവന്റസ് തോൽവി മണത്തെങ്കിലും 64-ആം മിനിറ്റിൽ ബ്രസീൽ താരം അലക്സ്‌ സാൻഡ്രോ ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. ഒരു ഡൈവിംഗ് ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.പിന്നീടും സാസുവോളോ താരങ്ങൾ ഗോളിന് തൊട്ടടുത്തു എത്തിയെങ്കിലും യുവന്റസ് കീപ്പർ സീസ്നി രക്ഷകനാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *