ഫുട്‍ബോളും പരിശീലനവും മിസ് ചെയ്യുന്നുവെന്ന് ദിബാല
ഫുട്ബോൾ ലോകത്ത് കോവിഡ് സ്ഥിരീകരിച്ച പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കെർ പൌലോ ദിബാല. താരത്തിന് സ്ഥിരീകരിച്ചിട്ട് കുറച്ചധികം ദിവസങ്ങളായെങ്കിലും രോഗത്തിൽ നിന്ന് മുക്തനാവാൻ താരത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ക്ലബുകൾക്ക് പരിശീലനം നടത്താൻ സിരി എ അധികൃതർ അനുമതി നൽകിയിരുന്നു. യുവന്റസ് പരിശീലനം ആരംഭിച്ചിട്ടില്ലെങ്കിലും മറ്റുള്ള ക്ലബുകൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ ഫുട്‍ബോളിനെയും പരിശീലനത്തെയും നല്ല രീതിയിൽ മിസ്സ് ചെയ്യുന്നുവെന്ന് ദിബാല അറിയിച്ചു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിൽ വന്നപ്പോഴാണ് താരം കോവിഡ് തന്നിലേൽപ്പിച്ച ബുദ്ദിമുട്ടുകൾ തുറന്നുപറഞ്ഞത്.
” ഞാൻ നിങ്ങളോട് സത്യം പറയാം. കളിയും പരിശീലനവും മിസ്സ് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പരിശീലനം നടത്താൻ അതിയായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്റെ സഹതാരങ്ങൾക്കും മറ്റും കുറഞ്ഞത് ബോളിൽ സ്പർശിക്കാനെങ്കിലും അവസരം ലഭിക്കുന്നുണ്ട്. എന്നാൽ എനിക്ക് അതിന് പോലും കഴിയുന്നില്ല. എന്റെ ബൂട്ടുകൾ ധരിച്ച് ഓടി ഗോൾ നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ നഷ്ടപ്പെടലിന്റെ തോത് ഇരട്ടിവേദന സമ്മാനിക്കും. പരിശീലനം നടത്തിയിട്ട് ഒരുപാട് കാലമായി. ഇനി എന്ന് തുടങ്ങാനാവുമെന്ന് അറിയില്ല. ഇതൊരിക്കലും ഒരു ഹോളിഡേ പോലെ അനുഭവപ്പെടുന്നില്ല. പക്ഷെ ഞാൻ ഇപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം. ശാന്തനായി നല്ല രീതിയിൽ മുന്നോട്ട് പോവാനാണ് ഞാൻ ശ്രമിക്കുന്നത് ” ദിബാല പറഞ്ഞു.